സ്വന്തം ലേഖകന്‍
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പിടിയിലായ സംഭവം രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി. യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം ഒന്നടങ്കം രംഗത്തുവന്നതോടെ ഇത് മുഖ്യമന്ത്രിക്കെതിരേയുള്ള നീക്കമായി ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുളള നേതാക്കള്‍ സിപിഎം നിലപാടിനെതിരേ രംഗത്തെത്തികഴിഞ്ഞു.
കേരള പോലീസ് യുഎപിഎ ചുമത്തിയതിനെ ബിജെപി ന്യായീകരിക്കുമ്പോള്‍ എതിര്‍ക്കേണ്ട സ്ഥിതിവിശേഷമാണ് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനുള്ളത്. ആഭ്യന്തരവകുപ്പിനെതിരേ ശക്തമായ പ്രതിഷേധവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തുമ്പോഴും മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം ശക്തമായി യുഎപിഎ ചുമത്തിയതിനെ എതിര്‍ത്ത സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന് ഇന്നലെ നിലപാട് മയപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമസഹായം നല്‍കേണ്ടത് അവരുടെ കുടുംബമാണ്. യുഎപിഎ ചുമത്തിയതില്‍ ആണ് പാര്ട്ടിക്ക്എതിര്പ്പുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകളിലൂടെ ശക്തമായി പോലീസിനെ എതിര്‍ക്കുമ്പോഴും അത് സര്ക്കാരിനെതിരാകാതിരിക്കാന് ശ്രമിക്കേണ്ട അവസ്ഥയിലാണ് സിപിഎം. പ്രവര്‍ത്തകരായ മാവോവാദികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന സിപിഎം നിലപാട് ദേശദ്രോഹപരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് കുറ്റപ്പെടുത്തി.
സിപിഎം ഭരിക്കുന്ന അഭ്യന്തര വകുപ്പ് തന്നെ പ്രതികള്‍ മാവോവാദികളാണെന്ന് പറയുമ്പോള്‍ ജില്ലാ സെക്രട്ടറി പി.മോഹനന്റെ നിലപാട് ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരാണ്.പോലീസ് ഐജിതന്നെ മാവോവാദികളാണെന്ന് പറഞ്ഞിട്ടും മുഖവിലക്കെടുക്കാതെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മാവോവാദികള്‍ക്കെതിരേ യുഎപിഎ നിയമം കൊണ്ടുവന്നത് മന്മോഹന് സിംഗ് സര്‍ക്കാരാണെന്ന കാര്യം കോണ്‍ഗ്രസുകാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
കോണ്‍ഗ്രസുകാര്‍ മാവോവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജില്ലയിലെ മാവോവാദി പ്രവര്‍ത്തനങ്ങളെ കുറിച്ച് ധവളപത്രം പുറത്തിറക്കണം. ജില്ലയില്‍ സൈര്യ ജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.സിപിഎം മാവോവാദി ബന്ധത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജയചന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.