ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വേർ പെഗാസസ് ഉപയോഗിച്ച് വാട്സ് ആപ്പിലൂടെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുരുക്കിലാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നു കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുർജെവാല ആരോപിച്ചു. ഫോണ്‍ ചോർത്തിയെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ് സന്ദേശം പ്രിയങ്കയ്ക്കു ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.
121 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നും അക്കാര്യം രണ്ടു പ്രാവശ്യമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും വാട്സ് ആപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം.
തങ്ങളുടെ ഫോണുകൾ ചോർത്തിയതായി ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും, എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലും രംഗത്തെത്തിയതിനു പിന്നാലെയാണ് സമാനമായ ആരോപണം കോണ്‍ഗ്രസും ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ പല നേതാക്കളുടെയും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ തുടങ്ങിയവരുടെയും ഫോണുകൾ ബിജെപി സർക്കാർ ചോർത്തുന്നെന്നു നേരത്തെയും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയതായി വെളിപ്പെട്ടതോടെ ചോർത്തലിന്റെ ഗൗരവം വർധിച്ചിരിക്കുകയാണ്. വിവരങ്ങൾ ചോർത്തുന്നതു സംബന്ധിച്ച അറിയിപ്പ് മറ്റുള്ളവർക്കെന്നതുപോലെ പ്രിയങ്കയ്ക്കും ലഭിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായാണ് ഫോണ്‍ ചോർത്തൽ നടത്തിയത്. ഇക്കാര്യം സർക്കാരിന് അറിവുണ്ടോയെന്നു വ്യക്തമാക്കണം.
സർക്കാർ ഏജൻസികൾക്കല്ലാതെ പെഗാസസ് നൽകിയിട്ടില്ലെന്നാണ് ഇസ്രയേൽ കന്പനി പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് ഫോണ്‍ ചോർത്തിയിട്ടുണ്ടെങ്കിൽ ബിജെപിയും കേന്ദ്ര സർക്കാരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും സുർജെവാല ചൂണ്ടിക്കാട്ടി.
പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ് കഴിഞ്ഞദിവസം അറിയിച്ചത്. ഇക്കാര്യം രണ്ടുതവണ ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നു. 121 ഉപഭോക്താക്കൾക്കും സുരക്ഷാ ലംഘനത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. കാര്യങ്ങൾ വിശദമാക്കിയുള്ള കുറിപ്പ് സെപ്റ്റംബറിലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിനു നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, വാട്സ് ആപ് നൽകിയ വിവരങ്ങൾ അവ്യക്തമായിരുന്നെന്നും ആരുടെയൊക്കെ വിവരങ്ങൾ ആരാണ് ചോർത്തിയതെന്നു വ്യക്തമാക്കിയിരുന്നില്ലെന്നുമാണ് ഐടി മന്ത്രാലയത്തിന്റെ വിശദീകരണം.