കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് വിദ്യാര്‍ഥികളായ സിപിഎം പ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തിയ പോലീസ് നടപടിക്കെതിരേ പരസ്യ വിമര്‍ശനവുമായി സിപിഎം. ലഘുലേഖ കൈവശം വച്ചുവെന്ന പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി മുതല്‍ കേന്ദ്രകമ്മിറ്റിവരെ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായത്.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനുപിന്നാലെ സിപിഐയായിരുന്നു ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതോടെ സിപിഎമ്മും ആഭ്യന്തരവകുപ്പിനെതിരായി.
സംഭവം വിവാദമായതിന് തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റ റേഞ്ച് ഐജിയേയും ചുമതലപ്പെടുത്തി. എന്നാല്‍ റേഞ്ച് ഐജി അശോക് യാദവ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസിന്റെ നടപടി ശരിയാണെന്നും യുഎപിഎ പിന്‍വലിക്കില്ലെന്നും പരസ്യമായി പ്രതികരിച്ചതോടെയാണ് ആഭ്യന്തരവകുപ്പിനെതിരേ സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
അതേസമയം പോലീസിനെതിരേ സിപിഎം തിരിഞ്ഞെങ്കിലും ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷന് യുഎപിഎ ചുമത്തിയ നടപടി ശരിയാണെന്ന നിലപാടാണ് സ്വീകരിച്ചത്. പോലീസ് മനഃപൂര്‍വം പാര്ട്ടിപ്രവര്ത്തകര്ക്കെതിരേ കള്ളക്കേസുണ്ടാക്കിയതല്ലെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് യുഎപിഎ ചുമത്തിയതെന്നുമാണ് പോലീസ് അസോസിയേഷന് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് അസോസിയേഷന് നേതാക്കള്‍ തയാറായിട്ടില്ല. യുഎപിഎ ചുമത്തിയത് വന്‍ വിവാദമായി മാറിയിട്ടും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസ് നടപടിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയതും യുവാക്കളില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖകളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്കിയതല്ലാതെ പോലീസ് നടപടി ശരിയാണോ തെറ്റാണോയെന്നത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
സാധാരണയായി പ്രദേശിക അഭിപ്രായങ്ങളും ഉണ്ടായേക്കാവുന്ന വിഷയങ്ങളും വിവാദങ്ങളും സംബന്ധിച്ചുള്ള മുന്നറിയിപ്പായാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യുവാക്കള്‍ക്ക് നിയമസഹായവുമായി സിപിഎം രംഗത്തുവന്നതും ആഭ്യന്തരവകുപ്പിനെ കുഴക്കുന്നുണ്ട്.
യുഎപിഎ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. പോലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അലന് ഷുഹൈബും താഹഫസലും ഉള്‍പ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയാകമ്മിറ്റി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരേ പ്രമേയവുമായി രംഗത്തെത്തി. പോലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന് ഏരിയ കമ്മിറ്റി പറയുന്നു.