ആലപ്പുഴ: രാഷ്ട്രീയത്തിലെ ബുദ്ധിമുട്ടും ടെൻഷനുമൊക്കെ അറിയാവുന്നതുകൊണ്ടാണ് താൻ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാതിരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ദക്ഷിണമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ രണ്ടുമക്കളും നല്ല വിദ്യാഭ്യാസം ചെയ്തു മുന്നോട്ടുപോകണമെന്നായിരുന്നു ആഗ്രഹം. അവർക്കും താത്പര്യം അതായിരുന്നു. മൂത്തയാൾ ഡോക്ടറായി. രണ്ടാമത്തെ മകൻ ഐഎഎസുകാരനാകാനുള്ള തീവ്രശ്രമത്തിലുമാണ്.
വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച് അവരെ വഴിതിരിച്ചുവിടാനും പ്രോത്സാഹിപ്പിക്കാനുമാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്.
സിജി അതിന് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമം എ. മുഹമ്മദ് ഷഫീഖ് ഉദ്ഘടനം ചെയ്തു. എ.എം. നസീർ അധ്യക്ഷത വഹിച്ചു. ഇല്ലിക്കൽ കുഞ്ഞുമോൻ, എ.എ. റസാഖ്, പി.എ. അബ്ദുൽ സലാം, ജി. മനോജ്കുമാർ, കെ.പി. ഷംസുദ്ദീൻ, അബ്ദുൽ റഹ്മാൻ സേഠ്, കെ. റഫീഖ്, നാസർ ദാറുസലാം, തുടങ്ങിയവർ പ്രസംഗിച്ചു.