തുറവൂർ: എട്ടു മാസം മുന്പ് ഉദ്ഘാടനം ചെയ്ത പള്ളിത്തോട് സർക്കാർ ആശുപത്രി കെട്ടിടം കാടുകയറിയ നിലയിൽ. ഫിഷറീസ് വകുപ്പിന്റെ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. ഏതു നിമിഷവും തകർന്ന് വീഴാവുന്ന കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്പായി പണി പൂർത്തീകരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഒരു മാസത്തിനുള്ളിൽ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇഴ ജന്തുക്കളുടേയും മറ്റും താവളമായിരിക്കുകയാണ് ഈ കെട്ടിടം. ആയിരക്കണക്കിന് തീരദേശ വാസികളുടെ ആരോഗ്യ സഹായ കേന്ദ്രമാണ് പള്ളിത്തോട് സർക്കാർ ആശുപത്രി. കുത്തിയതോട് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയുടെ പ്രവർത്തനം അടിയന്തിരമായി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.