പത്തനംതിട്ട: പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടയുടമയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ ബസ് സ്റ്റാൻഡും റോഡും വെട്ടിപ്പൊളിച്ചു. നഗരസഭ അധികൃതർ നിർമാണം തടഞ്ഞ് പോലീസിൽ പരാതി നൽകി.ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന മലബാർ ഹോട്ടൽ ഉടമയാണ് ശനിയാഴ്ച രാത്രിയിൽ തന്റെ കടയിലെ മാലിന്യം ഒഴുക്കികളയുന്നതിനായി അനധികൃതമായി ബസ് സ്റ്റാൻഡും റോഡും വെട്ടിപ്പൊളിച്ചത്.
കടയിൽനിന്നുള്ള മലിനജലം ബസ്സ്റ്റാൻഡിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.വെള്ളിയാഴ്ച ബസ് സ്റ്റാൻഡിലെത്തിയ ജില്ലാ കളക്ടർ കട പൂട്ടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, കടയുടമ ഇത് അനുസരിച്ചില്ല. ശനിയാഴ്ച രാത്രി നഗരസഭയുടെ അനുമതിയില്ലാതെ ഓടിയിലേക്കുള്ള റോഡ് വെട്ടിപ്പൊളിച്ചത്.
കടയുടെ മുൻവശത്ത്കൂടി ബസ് സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് കയറിയിറങ്ങുന്ന ഭാഗം വഴി പ്രധാന റോഡിലേത്തി ഓട്ടോറിക്ഷ സ്റ്റാൻഡിന് മുമ്പിൽ വരെയാണ് കുത്തിപ്പൊളിച്ചത്. ഏതാണ്ട് അമ്പത് മീറ്ററിലധികം ദൂരം വെട്ടിപ്പൊളിച്ച് പൈപ്പിട്ടു.ഇത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് നഗരസഭ ഉദ്യോഗസ്ഥരെ അറിയിച്ചത്.
പിന്നീട് പോലീസും സ്ഥലത്തെത്തി നിർമാണം തടയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷും സെക്രട്ടറി എം.എ.മുംതാസും ഉൾപ്പെടെ കൗൺസിലർമാരും ഉദ്യോഗസ്ഥരുമെത്തി. അനധികൃത നിർമാണം നടത്തിയത് സംബന്ധിച്ച് പോലീസിൽ പരാതി നല്കി. അനധികൃത നിർമാണം സംബന്ധിച്ച് നഗരസഭയുടെ നടപടി ഇന്നുണ്ടാകും.