പോത്താനിക്കാട്: അമിതഭാരം കയറ്റിയ വാഹനങ്ങൾ ഓടുന്നതുമൂലം എംവിഐപി വലതുകര കനാലിന്റെ ഭാഗമായ കാവക്കാട് പാലവും അക്വഡക്ടും (കാളിയാർ അക്വഡക്ട് കം ബ്രിഡ്ജ്) തകർച്ച ഭീക്ഷണി നേരിടുന്നതായി പരാതി. എംവിഐപി വലതുകര കനാലിന്റെ അക്വഡക്ടിനു മുകളിലൂടെയാണ് കാളിയാർ പുഴയ്ക്കു കുറുകെ കാവക്കാടിനെയും പോത്താനിക്കാടിനെയും ബന്ധിപ്പിച്ചു പാലം നിർമിച്ചത്.
ഒരു ഹെവി വാഹനത്തിനു മാത്രം ഒരു സമയം കടന്നുപോകാവുന്ന വീതിയിൽ നിർമിച്ചിരിക്കുന്ന പാലമാണിത്. എന്നാൽ സമീപ കാലത്ത് പാറമടകളിൽനിന്നും ക്രഷറുകളിൽനിന്നും മെറ്റലും പാറയും കയറ്റി നിരവധി വലിയ ടിപ്പറുകളും ടോറസുകളും ഈ പാലം വഴി ഓടുന്നത് പതിവായതോടെയാണ് തകർച്ച ഭീഷണിയിലായിരിക്കുന്നത്. കല്ലൂർക്കാട്, കുമാരമംഗലം ഉൾപ്പെടെയുള്ള പഞ്ചായത്ത് പ്രദേശങ്ങളിലെ പാറമടകളിൽനിന്നാണ് അമിതഭാരം കയറ്റി ഇവ പായുന്നത്.
ഭാരവാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ പോത്താനിക്കാട് പഞ്ചായത്തിലെ എംവിഐപി കനാൽ അപ്രോച്ച് റോഡും കാവക്കാട്-തായ്മറ്റം-പോത്താനിക്കാട് റോഡും പൂർണമായും തകരുന്ന സാഹചര്യമാണ്. പാലത്തിനൊപ്പം നാലു പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് അവരുടെ കൃഷിയിടങ്ങളിൽ ജലസേചനത്തിനും കുടിവെള്ള സ്രോതസുകളുടെ നിലനിൽപ്പിനും ആശ്രയമായ എംവിഐപി വലതുകര മെയിൻ കനാലിന്റെ അക്വഡക്ടും തകരുന്ന സാഹചര്യവുമുണ്ടാവും.
അരക്കിലോമീറ്റർ മാറി മാറാച്ചേരിക്കടവ് ഹെവിലോഡ് പാലവും, ബിഎംബിസി നിലവാരത്തിലുള്ള റോഡും ഉണ്ടെങ്കിലും എളുപ്പം നോക്കി വലിയ ഭാരവാഹനങ്ങൾ ഈ പാലം വഴി കടന്നുപോകുന്നതാണ് അപകടക്കെണിയാകുന്നത്. ഈ പാലം വഴിയുള്ള വലിയ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കാൻ എംവിഐപി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത എംവിഐപി അധികൃതരുടെ നടപടി വൻദുരന്തത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.