ലക്നോ: പന്തയത്തിന്റെ പേരിൽ വലിയ അളവിൽ മുട്ട കഴിച്ച യുവാവിന് ദാരുണാന്ത്യം. സുഭാഷ് യാദവ് എന്ന 42 വയസുകാരനാണു മരിച്ചത്. ഉത്തർപ്രദേശിലെ ജാൻപുർ ജില്ലയിലെ ബിബിഗഞ്ച് മാർക്കറ്റിലാണു സംഭവം.
സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ സുഭാഷ് പന്തയത്തിൽ ഏർപ്പെട്ടു. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാൽ 2000 രൂപ നൽകാമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത സുഭാഷ് മദ്യത്തിനൊപ്പം മുട്ടയും കഴിക്കാൻ തുടങ്ങി.
41 മുട്ടകൾ കഴിച്ചു തീർത്ത സുഭാഷ് അടുത്ത മുട്ട കഴിക്കുന്നതിനിടെ ബോധരഹിതനായി നിലത്തുവീണു. ഉടൻ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. ഇവിടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ അളവിൽ മദ്യവും മുട്ടയും ഒരുമിച്ചു കഴിച്ചതാണു മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഭാഷിന്റെ കുടുംബം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.