പേരൂര്‍ക്കട: നെട്ടയത്ത് കൊടിമരം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നം വട്ടിയൂര്‍ക്കാവിനെ കലുഷിതമാക്കുന്നു. ഓരോ സംഭവങ്ങളുടെ ചുവടുപിടിച്ച് അക്രമം കുണ്ടമണ്‍ഭാഗം, വെള്ളൈക്കടവ് എന്നിവിടങ്ങളില്‍ വരെയെത്തി. ഇന്നു പുലര്‍ച്ചെ 2 മണിയാടടുത്ത് സി.പി.എം പാളയം ഏരിയാ സെക്രട്ടറി പ്രസന്നകുമാറിന്റെ വീടിനുനേരേ ആക്രമണമുണ്ടായി. പ്രസന്നകുമാറിന്റെ കുണ്ടമണ്‍ഭാഗത്തെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്.
3 ബൈക്കുകളിലെത്തിയ 6 പേരാണ് വീട് ആക്രമിച്ചതെന്നു പ്രസന്നകുമാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുനേരേയും ആക്രമണം നടത്തി. വന്‍ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. നെട്ടയത്ത് ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങള്‍ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്പാണ് ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായത്.
തുടര്‍ന്ന് അതു മറ്റു പലസ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, മുക്കോല, അമ്പലമുക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്. ഇതിനിടെ ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. നെട്ടയത്ത് പ്രതിഷേധയോഗം നടക്കുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവിനാണ് മര്‍ദ്ദനമേറ്റത്.
ഇയാളുടെ കൈയില്‍ രാഖി കെട്ടിയത് കണ്ടതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പേയാട് വിട്ടിയം കൃഷ്ണഭവനില്‍ വിനോദ് കുമാറി (38) നാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 7 മണിയോടടുത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ വിനോദിനെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിനോദ് പറഞ്ഞു.