കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിന്റെ രാജി ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ വി.കെ. മിനിമോൾക്കെതിരേ എ ഗ്രൂപ്പിലെ ഒരു വിഭാഗം കൗണ്‍സിലർമാർ കെപിസിസി പ്രസിഡന്റിന് കത്തയച്ചു. അധികാരമാറ്റ വിഷയം കെപിസിസിയുടെ പരിഗണനയിലിരിക്കേ, പരസ്യപ്രസ്താവന നടത്തിയതിലൂടെ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണു മിനിമോൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബുവിന്റെ നേതൃത്വത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ കത്തയച്ചത്.
പത്രസമ്മേളനത്തിൽ പങ്കെടുത്ത മറ്റ് അഞ്ചു കൗണ്‍സിലർമാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലും നടപടി ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷത്തിനുശേഷം സ്ഥാനം ഒഴിയണമെന്ന മുൻ ധാരണ അംഗീകരിക്കാൻ മേയർ തയാറാകണമെന്ന ആവശ്യവുമായി വി.കെ. മിനിമോളും ഐ ഗ്രൂപ്പിൽനിന്നുള്ള മാലിനി കുറുപ്പ്, ഗ്രേസ് ബാബു ജേക്കബ്, എ.ആർ. ഷമീന, സാഹൃദ സുരേഷ് ബാബു, എ ഗ്രൂപ്പിൽനിന്നുള്ള ഡെലീന പിൻഹീറോ എന്നിവരുമാണു ശനിയാഴ്ച പത്രസമ്മേളനം നടത്തിയത്.
തിരുവനന്തപുരത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം വിഷയം കെപിസിസി പ്രസിഡന്റിന്റെ പരിഗണനയിലിരിക്കേയാണ് വനിതാ കൗണ്‍സിലർമാരുടെ പത്രസമ്മേളനം. ഇത് അച്ചടക്ക ലംഘനമാണെന്നും കെപിസിസി പ്രസിഡന്റിനോടുള്ള ധിക്കാരമാണെന്നും എ ഗ്രൂപ്പിലെ ചില കൗണ്‍സിലർമാർ അന്ന് ആരോപിച്ചിരുന്നു.
സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്നു നീക്കിയാൽ പിന്തുണ പിൻവലിക്കുമെന്നു മാധ്യമങ്ങളോടു പരസ്യമായി പറഞ്ഞ രണ്ടു വനിതാ കൗണ്‍സിലർമാരാണ് അച്ചടക്ക ലംഘനം നടത്തിയതെന്നും നടപടി അവർക്കെതിരേയാണ് വേണ്ടതെന്നുമുള്ള മറുവാദവുമായി മേയറോട് വിയോജിപ്പുള്ള എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം രംഗത്തെത്തി.
കെപിസിസി പ്രസിഡന്റിനെ വെല്ലുവിളിച്ചത് മേയർ അനുകൂല കൗണ്‍സിലർമാരായ ജോസ്മേരിയും ഗീതാ പ്രഭാകരനുമാണെന്ന് ഇവർ വാദിച്ചു. കൊച്ചി കോർപറേഷനിലെ അധികാരമാറ്റ വിഷയം ഇന്ന് കെപിസിസി നേതൃത്വം ചർച്ച ചെയ്യാനിരിക്കേയാണ് മേയറുടെ കാന്പിൽനിന്ന് പുതിയ നീക്കം ഉണ്ടായത്.
വിഷയം ചർച്ചയ്ക്കുവരുന്പോൾ സൗമിനി ജെയിന് അനുകൂലമായ തീരുമാനത്തിലേക്ക് നയിക്കാൻ കത്ത് സഹായകമാകുമെന്ന് ഇവർ കരുതുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരാണ് മേയർ വിഷയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക യോഗം ചേരുന്നത്.