ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ചെറിയ ഓട്ടങ്ങൾ പോകുന്നില്ലെന്നു വീണ്ടും പരാതി. രാത്രിയിൽ കൈക്കുഞ്ഞുമായെത്തിയ കുടുംബത്തെ ഓട്ടോറിക്ഷക്കാർ ദുരിതത്തിലാക്കിയതായി ആരോപിച്ചു ഡോ. ആഷിഖ് ഹൈദർ അലി ജില്ലാ കളക്ടർക്കു പരാതി നൽകി.
ഞായറാഴ്ച സന്ധ്യയോടെ ആലപ്പുഴ ചെന്നൈ എക്സ്പ്രസിൽ ആലുവ റെയിൽ സ്റ്റേഷനിൽ വന്നിറങ്ങിയ തന്നെയും കുടുംബത്തെയും യാത്രചെയ്യാൻ അനുവദിക്കാതെ അപമാനിച്ചെന്നാണ് പരാതി.ഓട്ടോ സ്റ്റാൻഡിൽ 30 ഓളം ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പിന്നിൽപോയി ചോദിക്കാനാണ് ആവശ്യപ്പെട്ടത്. ഈ സമയം നേരിയ മഴയുണ്ടായിരുന്നു.
കൈക്കുഞ്ഞ് കൈയിലുള്ളതിനാൽ ഓരോ ഓട്ടോ ഡ്രൈവറോടും ഓട്ടം പോകുമോ എന്നു ചോദിച്ചു നടക്കേണ്ടി വന്നു. എല്ലാവരും ഒരുപോലെ ഒഴിഞ്ഞുമാറി. ഈസമയം ഒരുപാടു യാത്രക്കാർ ഇത്തരത്തിൽ ഓട്ടോക്കാരോടു കെഞ്ചിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഏറ്റവും ആദ്യം പാർക്ക് ചെയ്ത ഓട്ടോയിൽ കയറാൻ ചെന്നപ്പോൾ അതിൽ കയറിയ മറ്റൊരു യാത്രക്കാരനെ വലിച്ചിറക്കുന്ന കാഴ്ചയാണു കണ്ടത്. പിന്നീട് കുറച്ചുമാറിനിന്ന് അതിലെ വന്ന മറ്റൊരു ഓട്ടോയിൽ കയറിയാണു വീട്ടിലേക്കു പോയതെന്നു ഡോ. ആഷിഖ് പരാതിയിൽ പറയുന്നു.
പ്രതിദിനം ആയിരക്കണക്കിനാളുകൾ വന്നിറങ്ങുന്ന റെയിൽവേ സ്റ്റേഷനിലെ ഓട്ടോസ്റ്റാൻഡിൽ ഹൃസ്വദൂരയാത്രയ്ക്കു ഓട്ടോ വിളിക്കുന്ന നാട്ടുകാരായ യാത്രക്കാർക്കാണു ദുരിതം. ഇരട്ടിച്ചാർജ് ഈടാക്കി ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ഇവിടത്തെ ഓട്ടോക്കാർ ഏതുസമയത്തും യാത്രപോകാൻ തയാറാണെന്നും ആരോപണമുണ്ട്.
മുന്പു പരാതികൾ ഉണ്ടായപ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് ഇവിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതു പ്രവർത്തിക്കുന്നില്ല. യാത്രക്കാർ നേരിടുന്ന ദുരിതത്തിനും അവഗണനയ്ക്കും അറുതിവരുത്താൻ പോലീസിന്റെയും ആർടിഒയുടെയും അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.