കുന്നംകുളം: ആറുകിലോ കഞ്ചാവുമായി യുവതി കുന്നംകുളത്ത് പോലീസ് പിടിയിലായി. പെരുന്പിലാവ് ആൽത്തറ മണിയിൽ കള വീട്ടിൽ രാജന്റെ ഭാര്യ ശ്രീദേവി (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വിതരണവും വില്പനയും നടത്തി വരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവർ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് നാട്ടിൽകൊണ്ടുവന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തി. എത്തിച്ചിട്ടുണ്ട്. നീലച്ചടയൻ വിഭാഗത്തിൽപ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്.
ഇപ്പോൾ പോലീസ് പിടിച്ചെടുത്ത ആറുകിലോ കഞ്ചാവിന് പൊതുമാർക്കറ്റിൽ ആറ് ലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവുമായി വരുന്ന ഇവർ പിന്നീട് വീട്ടിലെത്തി ചെറിയ ചെറിയ പാക്കറ്റുകൾ ആക്കി മാറ്റിയാണ് വിതരണത്തിനും വില്പനയ്ക്കും തയ്യാറാക്കുന്നത്.
കുന്നംകുളം മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപ്പേർ ഇവരുടെ കീഴിൽ ഏജൻസികളായും വിതരണക്കാരായും പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
വൻതോതിൽ മേഖലയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന അന്വേഷണത്തിലൊടിവിലാണ് ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിൽ സ്ത്രീകളെ ഉപയോഗിച്ചും വലിയ തോതിൽ കഞ്ചാവ് കടത്ത് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു അന്വേഷണം.
രണ്ട് കിലോ വീതം മൂന്നു പാക്കുകൾ ആക്കിയാണ് കഞ്ചാവ് ബാഗിനുള്ളിൽ ഒളിപ്പിച്ച് ഇവർ കടത്തിയിരുന്നത്. കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം സിഐ കെ. ജി. സുരേഷ് എസ്ഐ യു.കെ. ഷാജഹാൻ ജില്ലാ സ്പെഷ്യൽ സ്ക്വാഡ് എഎസ്ഐ രാകേഷ്, പോലീസ് ഓഫീസർമാരായ മെൽവിൻ, നിബു, ഷിബിൻ, വനിത പോലീസ് ഓഫിസർമാരായ ഗീത, ജാൻസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.