കോഴിക്കോട്: സന്തോഷ്ട്രോഫി ഫുട്ബോള് ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. പകരക്കാരനായി ഇറങ്ങിയ എമിൽ ബെന്നി ഇരട്ടഗോളുമായി തിളങ്ങി.
മത്സരത്തിന്റെ 44-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ പിറന്നത്. പ്രതിരോധനിര താരം വിബിൻ തോമസാണ് ഹെഡറിലൂടെ കേരളത്തെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിക്കു ശേഷം ഇൻജുറി ടൈമിൽ കേരളത്തിന്റെ രണ്ടാം ഗോളും പിറന്നു. ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് ലഭിച്ച പെനാൽറ്റി ലിയോൺ അഗസ്റ്റിൻ ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയിൽ ആന്ധ്രയുടെ പ്രതിരോധം ആടിയുലഞ്ഞു. ഇരട്ടഗോളുമായി എമിൽ ബെന്നിയും തകർപ്പൻ ഗോളുമായി എൻ.ഷിഹാദും കളംനിറഞ്ഞതോടെ കേരളത്തിന്റെ ലീഡ് അഞ്ചായി ഉയർന്നു. ഇതോടെ ആന്ധ്ര മറുപടിയില്ലാതെ തകർന്നടിഞ്ഞു. ശനിയാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.