പത്തനംതിട്ട: ശബരിമല മണ്ഡലകാലം 16ന് ആരംഭിക്കാനിരിക്കെ സന്നിധാനത്ത് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മറ്റും തകൃതിയിൽ. മാസ്റ്റർപ്ലാൻ ശിപാർശ നേരത്തെതന്നെ നൽകിയ പദ്ധതികൾ തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നടപ്പാക്കുന്നതിനെതിരെ വ്യാപക ആക്ഷേപം.
ശബരിമല സന്നിധാനത്തെ മാളികപ്പുറം ഷോപ്പിംഗ് കോംപ്ലസ് പൊളിച്ചുനീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. സന്നിധാനത്തെത്തുന്ന തീർഥാടകർക്കു സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. എന്നാൽ ധൃതിപിടിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ദേവസ്വം ബോർഡ് മൗനത്തിലാണ്. തിങ്കളാഴ്ച മുതലാണ് മാളികപ്പുറം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിത്തുടങ്ങിയത്. മൂന്നുനില മന്ദിരമാണ് പൊളിക്കുന്നത്.
18 കടമുറികൾ, 16 താമസമുറികൾ, 18 മീഡിയ റൂമുകൾ എന്നിവയടങ്ങുന്നതായിരുന്നു കോംപ്ലക്സ്. കെട്ടിടം പൊളിച്ചുനീക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന മുറികൾ മൂന്നുമാസം മുന്പേ ഒഴിപ്പിച്ചതാണ്. കെട്ടിടവും മാളികപ്പുറത്തുനിന്നും ഫ്ളൈഓവറുമായി മൂന്ന് മീറ്റർ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവഴി നടന്നുപോകുന്ന അയ്യപ്പഭക്തർ തീർഥാടനകാലത്ത് തിരക്കിൽപെട്ടിരുന്നു.
ഇതേത്തുടർന്നാണ് അശാസ്ത്രീയമായ നിർമാണമാണ് കെട്ടിടമെന്നും പൊളിച്ചുനീക്കാനും മാസ്റ്റർപ്ലാൻ ശിപാർശ ചെയ്തത്. സന്നിധാനത്തു തന്നെ ദർശൻ കോംപ്ലക്സ് നിർമാണം പൂർത്തീകരിക്കുന്നതുവരെ കെട്ടിടം പൊളിച്ചുനീക്കൽ വൈകിപ്പിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുനീക്കുന്നതോടെ സന്നിധാനത്ത് 10,000 ചതുരശ്രഅടി സ്ഥലം തീർഥാടകരുടെ ഉപയോഗത്തിനായി ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
മാളികപ്പുറം ക്ഷേത്രം, അന്നദാനമണ്ഡപം, പാണ്ടിത്താവളം എന്നിവിടങ്ങളിലേക്ക് വലിയനടപ്പന്തൽ വഴി വരുന്ന അയ്യപ്പഭക്തർക്ക് സ്ഥലം പ്രയോജനപ്പെടും. അടുത്ത ഏതാനുംദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ മാറ്റാനാകുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോർഡിനുള്ളത്.
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ സന്നിധാനത്തും പന്പയിലുമുള്ള മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പണികൾ പൂർത്തീകരിച്ചിട്ടില്ല. താത്കാലികമായി കെട്ടിടം സീസണിൽ തുറന്നു നൽകാനാണ് തീരുമാനം.