തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെയും യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെയും ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ അനുമതിയില്ലാതെയാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലേഖനത്തിലേത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണു ടോം ജോസ് എഴുതിയത്. മാവോയിസ്റ്റുകൾക്കെതിരായ നടപടിയിൽ സർക്കാരിനും തണ്ടർബോൾട്ട്-പോലീസ് നടപടികൾക്കുമെതിരേ വിമർശനമുയരുന്ന സാഹചര്യത്തിലാണു ന്യായീകരിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തിയത്.
സേനയെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ലെന്നും മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്നും മനുഷ്യാവകാശത്തിന്റെ പേരിലുള്ള മാവോയിസ്റ്റുകൾക്കു വേണ്ടി ഉയരുന്ന വാദങ്ങൾ നിയമം അനുസരിക്കുന്നവരെ അവഹേളിക്കലാണെന്നും ചീഫ് സെക്രട്ടറി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.ഇതിനെതിരെ ഭരണകക്ഷിയായ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു