തലയോലപ്പറന്പ്: വെള്ളൂർ കരിപ്പാടത്തെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ചതിനു പിന്നിൽ ലഹരി വിൽപ്പന സംഘത്തിലെ കണ്ണികളെന്നു സൂചന. ജാതിക്ക വീട്ടുമുറ്റത്തു നിന്നെടുത്തശേഷം ചാക്കിലാക്കി ഇവർ ചെന്പ് ഏനാദി ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
കരിപ്പാടം പാറയ്ക്കൽ ഭാഗത്ത് താമസിക്കുന്ന നിരവധി മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളുടെ വീട് കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കരിപ്പാടം പാറയ്ക്കലും, ബ്രഹ്മമംഗലം, വൈപ്പാടമ്മേൽ ഭാഗങ്ങളിൽ കഞ്ചാവു വിൽപ്പനയും ഉപഭോഗവും വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഏതാനും ദിവസം മുന്പ് കരിപ്പാടത്തെ മറ്റൊരു വീട്ടിൽ നിന്നും ജാതിക്ക മോഷണം പോയിരുന്നു. ഗ്രാമപ്രദേശത്തെ സ്വൈര്യ ജീവിതത്തിനു വിഘാതമാകുന്ന ലഹരി വിൽപ്പന സംഘത്തിനും മോഷ്ടാക്കൾക്കുമെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.