വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ പെട്രോൾ പന്പിൽ പാർക്ക് ചെയ്തിരുന്ന ബസ് ഉടമ നേതാവിന്റെ ബസ് എറിഞ്ഞു തകർത്തു. ബസ് ഓപ്പറേറ്റേഴ്സ് ഫോറം തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ വിപിൻ ആലപ്പാട്ടിന്റെ തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന സെന്റ് ജോസ് ബസിനു നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നിട്ടുണ്ട്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പന്പിലെ ജീവനക്കാർ റോഡിൽ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. എന്തെങ്കിലും അപകടമാകുമെന്നാണ് കരുതിയത്. എന്നാൽ ഇന്ന് പുലർച്ചെ ബസ് കഴുകാൻ എത്തിയ ആളാണ് ചില്ല് തകർന്നു കിടക്കുന്നത് കണ്ട് ഉടമയെ വിവരമറിയച്ചത്. കല്ലുകളും ബസിനുള്ളിലുണ്ട്.
വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം ഉണ്ടായ സമയം ഒരു ബൈക്ക് കടന്നു പോയതായി പറയുന്നു. ബൈക്കിന്റെ നന്പർ പരാതിയിൽ കാണിച്ചിട്ടുണ്ട്. കുതിരാനിലെ റോഡ് തകർച്ചയെ തുടർന്ന് തൃശൂർ പാലക്കാട് റൂട്ടിലെ ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ സർവ്വീസ് നിർത്തിവെച്ചിരുന്നു.ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാകാം അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.