കൊല്ലം : ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ മന്ദഗതിയിലാണ് പോകുന്നതെന്ന ദേവസ്വം ബോര്‍ഡിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 100 കോടി രൂപ ഇതുവരേയും ദേവസ്വം ബോര്‍ഡിന് പൂര്‍ണ്ണമായും കൈമാറിയിട്ടില്ല. നാമമാത്രമായ തുക മാത്രമാണ് കൈമാറിയത്.
ഈ തുക ഉപയോഗിച്ച് തീര്‍ത്ഥാടനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവതാളത്തിലാകുന്ന സ്ഥിതിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.പിണറായി വിജയന്റെ നേതൃത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള് മുതല്‍ ശബരിമലയെ ഏത് വിധേനയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സുപ്രിംകോടതിയില്‍ നിന്നും സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയുടെ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചു കൊണ്ട് യുവതീ പ്രവേശനം നടത്താന്‍ ധൃതി പിടിച്ച് നടപടിയെടുത്ത സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം സംഘര്‍ഷ ഭരിതമാക്കി. നടവരവില്‍ 100 കോടി രൂപയുടെ കുറവ് സര്‍ക്കാര്‍ മനപൂര്‍പ്പം വരുത്തിവച്ചതാണ്. ഈ നൂറ് കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കാന്‍ തയാറാകണമായിരുന്നു.
ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കാന്‍ അടിയന്തിരമായി 100 കോടി രൂപ നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് നല്‍കാതെ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം പ്രയാസകരമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം വലിയ തോതില്‍ കുറയാന്‍ ഇടയുണ്ട്.
ഓരോ വര്‍ഷവും ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേകം ഫണ്ട് നീക്കിവച്ച് സുഗമമായി അയ്യപ്പ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി തീര്‍ത്ഥാടനം ഭംഗിയായി നടത്താന്‍ ബാധ്യതയുള്ള കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും എം.പി ആരോപിച്ചു.ശബരിമല തീര്‍ത്ഥാടനത്തെ വിലകുറച്ച് കാണുന്ന പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് മറുപടി പറയേണ്ടി വരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്കി