നോർത്ത് കരൊളൈന: ഇരട്ട കൊലപാതക കേസിലെ പ്രതി ജുവനൈൽ കോടതിയിൽ ഹാജരാക്കുന്നതിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞു. നവംബർ അഞ്ചിനായിരുന്നു സംഭവം. കാലിൽ ചങ്ങലയിട്ടിരുന്ന, ചെരിപ്പ് ഉപയോഗിക്കാത്ത, ജെറിക്കൊ റോബ്സൺ എന്ന പതിമൂന്നുകാരൻ കൗണ്ടി കോർട്ട് ഹൗസിൽ നിന്നു പുറത്തു കടക്കുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.
ഫ്രാങ്ക് തോമസ് (34), ആഡം തോമസ് (33) എന്നീ സഹോദരന്മാർ വീട്ടിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 14 നാണ് ജെറിക്കൊയെ ഇരട്ട കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പതിമൂന്നുകാരൻ അപകടകാരിയാണെന്നും പിടികൂടാൻ സഹായിക്കണമെന്നും അഭ്യർഥിച്ച് നോർത്ത് കരോളൈ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ജെറിക്കൊയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്.
അഞ്ചടി ഉയരവും 110 പൗണ്ടുമുള്ള ജെറിക്കൊയെകുറിച്ചു അറിവ് ലഭിക്കുന്നവർ 911 വിളിച്ചു അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പോലീസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ