കൊയിലാണ്ടി: മത്സര ഓട്ടത്തിന് “തടസം’ നിന്ന ഡിവൈഎസ്പിക്കു നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രോശം. ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാനായി ഹോണടിച്ചും ഡോറിലടിച്ചുമാണ് ബസ് ജീവനക്കാര്‍ ‘വിരട്ടിയത്’.
കിലോമീറ്ററോളം റോഡില്‍ തേര്‍വാഴ്ച നടത്തിയ ബസ് ജീവനക്കാരെ ഒടുവില്‍ ഡിവൈഎസ്പി കെ.പി. അബ്ദുള്‍ റസാഖ് തന്നെ തടഞ്ഞു നിര്‍ത്തി പോലീസിനു കൈമാറി. ഇതിനിടെ ഡിവൈഎസ്പി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് തട്ടിക്കയറുകയും ചെയ്തു. റൂറൽ എസ്പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു താമരശേരി ഡിവൈഎസ്പി .
ഇന്നലെ രാവിലെ ചേമഞ്ചേരിയിലായിരുന്നു സംഭവം. അമിത വേഗതയില്‍ വന്ന കെഎല്‍ 18 ആര് 9923 ഗാലക്സി ബസ് തുടര്‍ച്ചയായി ഹോണ്മുഴക്കുകയായിരുന്നു. എന്നാല്‍ മുന്നില്‍ വാഹനങ്ങളുള്ളതിനാലും സൈഡില്ലാത്തതിനാലും ഡിവൈഎസ്പിക്ക് വാഹനം ഒതുക്കാന്‍ സാധിച്ചില്ല.
ഇതില്‍ ക്ഷുഭിതരായ ജീവനക്കാര്‍ ഡിവൈഎസ്പിയുടെ വാഹനത്തിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയാണെന്നറിഞ്ഞിട്ടും ജീവനക്കാര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഡിവൈഎസ്പി കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ച പ്രകാരം പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കണ്ടക്ടര്‍ കോഴിക്കോട് വെള്ളിപറമ്പ് പൂവൻ പറമ്പത്ത് അബൂബക്കർ (40), ഡ്രൈവര്‍ പുന്നോളി സജീർ മൻസിൽ സഹീർ (34) എന്നിവരെ യാണ് റിമാൻഡ് ചെയ്തതത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്കേസ്. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം കർശന നടപടി സ്വീകരിക്കാൻ വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാം കൊയിലാണ്ടി പോലീസിന് നിർദേശം നൽകി.