പോത്തൻകോട് : ഒറ്റ പ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളിൽ നാലുപേർക്ക് ഒരേ ദിവസം മാംഗല്യം. പോത്തൻകോട് നന്നാട്ടുകാവിൽ പഞ്ചരത്നത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഒരേ ദിവസം വിവാഹിതരാകുന്നത്.ഉത്രജൻ ആണ് ഇവരുടെ സഹോദരൻ.1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് പേരിട്ടു.
എൽകെജി മുതൽ പ്ലസ് ടു വരെ ഒരേ സ്കൂളിൽ ഒരേ ക്ലാസിലായിരുന്നു അഞ്ചുപേരുടെയും പഠനം.മക്കൾക്ക് പത്ത് വയസ് തികയും മുമ്പാണ് രമാദേവിയുടെ ഭർത്താവിന്റെ മരണം .തളരാതെ പിടിച്ചു നിന്ന രമാദേവിയ്ക്ക് സർക്കാർ ജില്ലാസഹകരണ ബാങ്കിൽ ജോലിനൽകി. സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിലാണ് ജോലി നൽകിയത്.
ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയ്ക്ക് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശാണ് വരൻ.
ഓൺലൈൻ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും. ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം.