മരട്: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്ന മരടിലെ ഫ്ലാറ്റുകളിൽ മോഷണം നടന്നതായി ഉടമകൾ. എയർ കണ്ടീഷണർ അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. ഫ്ലാറ്റുകളിൽ അവശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ എത്തിയപ്പോഴാണ് സാധനങ്ങൾ മോഷണം പോയ കാര്യം അറിഞ്ഞതെന്നും ഉടമകൾ പറയുന്നു. ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ നീക്കാൻ പൊളിക്കൽ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഉടമകൾ ആരോപിച്ചു.
ഇന്നലെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മരട് നഗരസഭാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റാൻ ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് സാധനങ്ങൾ മാറ്റാൻ ഉടമകൾ ഫ്ലാറ്റുകളിലെത്തിയത്. സാധനങ്ങൾ പൂർണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണയസമിതിക്ക് നേരത്തെ പരാതി നൽകിയിരുന്നു.