മേലൂർ: മേലൂർ പഞ്ചായത്തിൽ നിലവിൽ മൂന്ന് തടയണകളാണ് ഉള്ളത്. കുന്നപ്പിള്ളി തട്ടുപ്പാറ തടയണ, പൂലാനി കൊന്പൻപ്പാറ തടയണ, കലവറകടവ് ആറാട്ട് കടവ് തടയണ എന്നിവയാണ് പഞ്ചായത്ത് പരിധിയിലുള്ളത്.
തട്ടുപ്പാറ തടയണയൊഴിച്ച് ബാക്കിയുള്ള രണ്ട് തടയണ ബണ്ടിലൂടെ ഇരുചക്രവാഹനങ്ങൾ കടന്ന് പോകാറുണ്ട്.ഏറ്റവും കൂടുതലായി പൂലാനി കൊന്പൻപ്പാറ തടയണയിലൂടെയാണ് ഈ ജീവൻമരണ പോരാട്ടം നടക്കുന്നത്.
പരിയാരം ഭാഗത്തേക്ക് പൂലാനിയിൽ നിന്നും വളരെ പെട്ടെന്ന് എത്താവുന്നത് കൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ ഈ തടയണ കൂടുതലായും ഉപയോഗിച്ച് വരുന്നത്. കുറച്ചുമാസങ്ങൾക്ക് മുൻപും ആറാട്ട് കടവ് തടയണക്ക് കുറുകെ സ്കൂട്ടറിൽ കടന്ന് പോകവേ ഒഴുക്കിൽപ്പെട്ട യുവാവിനെ പുഴയിൽ വീണ യുവാവിനെ പുഴയിൽ കുളിച്ച് കൊണ്ടിരുന്ന യുവാക്കളും, അഗ്നിശമന സേനയും, നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെട്ടുത്തിയിരുന്നു.
ഇതിനെ തുടർന്ന് മേലൂർ ഗ്രാമപഞ്ചായത്തിലെ തടയണകളായ തട്ടുപ്പാറ, കൊന്പൻപ്പാറ, കൂടപ്പുഴ ആറാട്ട് കടവ് തടയണ ബണ്ടിലൂടെയുള്ള ജനങ്ങളുടെ യാത്ര കർശനമായി നിരോധിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ചാലക്കുടി ഫയർ സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയി ആവശ്യപ്പെട്ടിരുന്നു.
പലപ്പോഴും തടയണ കവിഞ്ഞ് ശക്തമായ രീതിയിലാണ് വെള്ളം ഒഴുകുന്നത്. ജലത്തിന്റെ ഒഴുക്കിന്റെ ശക്തി തിരിച്ചറിയാതെയാണ് ഇരുചക്രവാഹന യാത്രക്കാർ ബണ്ടിലൂടെ സഞ്ചരിക്കുന്നത്. തടയണയ്ക്ക് മുകളിലൂടെ ഇരുചക്ര വാഹനങ്ങൾ കടന്നു പോകാതിരിക്കുവാൻ ബോർഡും, തടസങ്ങളും വെച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് ആളുകൾ കടന്ന് പോവുന്നത്.
തടയണയിലൂടെയുള്ള ഇരുചക്രവാഹന യാത്ര പൂർണമായും നിരോധിക്കണമെന്നും കർശനമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.