മൂന്നാർ: വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിനിടെ രാജമലയിൽ കാട്ടാന ഇറങ്ങി. ആനയെക്കണ്ട് സഞ്ചാരികൾ ചിതറിയോടി. പാർക്ക് ഒരു മണിക്കൂറോളം അടച്ചിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മൂന്നാർ – മറയൂർ അന്തർസംസ്ഥാന പാതയിലൂടെ ഒറ്റയാൻ എത്തിയത്.
നാട്ടാനയാണ് വരുന്നതെന്നു കരുതി പലരും റോഡിൽനിന്നു മാറാൻ ശ്രമിച്ചില്ല. കാട്ടാനയാണെന്നു വനംവകുപ്പ് ജീവനക്കാർ സന്ദർശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്റെ കെട്ടിടങ്ങളിൽ അഭയം തേടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിൽനിന്നിരുന്നവരെ ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ഇന്നലെ ഉച്ചയോടെ പാർക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ദേശീയോദ്യാനത്തിന്റെ അഞ്ചാം മൈൽ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വഴിയടച്ച് ആന നിലയുറപ്പിച്ചത്. കൊന്പൻ കാടുകയറിയതോടെയാണ് പാർക്ക് വീണ്ടും തുറന്നത്.