കോട്ടയം: ചുങ്കം പാലത്തിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നു മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും കെട്ടിയാണ് രാത്രികാലങ്ങളിൽ ഇവിടേക്കു മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും കൊണ്ടു വന്നു തള്ളുകയാണ്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് ഇവിടെ ബസ് കാത്തുനില്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇതു സംബന്ധിച്ചു പ്രദേശവാസികൾ പലതവണ വാർഡു കൗണ്‍സിലർ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടു പരാതി ഉന്നയിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു നടപടികളുമുണ്ടായിട്ടില്ല. നാളുകൾക്കു മുന്‍പുവരെ ഇവിടം മാലിന്യങ്ങൾ ശേഖരിച്ചിരുന്ന കളക്ഷൻ പോയിന്റായിരുന്നു. എന്നാൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പതിവായി ഇവിടേക്കു തള്ളിയതോടെ പ്രദേശവാസികൾ ഇടപെട്ട് കളക്ഷൻ പോയിന്റ് ഇവിടെ നിന്നും മാറ്റി.
രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തുന്നവർ ചുങ്കം പാലത്തിൽ നിന്നും മാലിന്യങ്ങൾ ആറ്റിലേക്കു തള്ളുന്നതായും പ്രദേശവാസികൾ പറയുന്നു. നഗരസഭ അധികൃതർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.