തിരുവല്ല : ശബരിമല ഇടത്താവളത്തിനായി കാലാകാലങ്ങളായി സർക്കാർ നൽകിവന്നിരുന്ന ഗ്രാന്റ് തിരുവല്ല നഗരസഭ വകമാറ്റി ചെലവഴിച്ചതായി പരാതി. ഇടത്താവളത്തിനായുള്ള ഫണ്ട് വകമാറ്റുന്നതിൽ പ്രതിക്ഷേധവുമായി അയ്യപ്പധർമ പരിഷത്തും മറ്റ് ഹൈന്ദവ സംഘടനകളും രംഗത്ത്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി നഗരസഭാ മൈതാനിയിൽ മണ്ഡലകാലാരംഭം മുതൽ പ്രവർത്തിച്ചിരുന്ന ശബരിമല ഇടത്താവളത്തിനായി നൽകി സർക്കാർ നൽകിവന്നിരുന്ന ഗ്രാന്റ് ഇക്കുറി കൈമാറേണ്ടതില്ലെന്ന ചൊവ്വാഴ്ചത്തെ നഗരസഭാ കൗൺസിൽ തീരുമാനത്തിനെതിരെയാണ് പ്രതിക്ഷേധം ശക്തമാകുന്നത്.
കാൽനൂറ്റാണ്ടായി മണ്ഡല കാലാരംഭം മുതൽ മകരവിളക്ക് വരെ നഗരസഭാ മൈതാനിയിൽ പ്രവർത്തിച്ചിരുന്ന ഇടത്താവളത്തിനുള്ള അനുമതി ഒറ്റ രാത്രി കൊണ്ട് നഗരസഭയിലെ ചിലരുടെ വ്യക്തി താത്പര്യം മൂലം തകിടം മറിച്ചതായാണ് അയ്യപ്പ ഭക്തരുടെ ആരോപണം. ഇടത്താവളത്തിനായി സർക്കാർ നൽകുന്ന ഗ്രാന്റ് വഴിവിളക്കിന്റേതടക്കമുള്ള അറ്റകുറ്റപ്പണികൾക്കും വഴിവക്കിലെ കാട് വെട്ടിത്തെളിക്കുന്നതിനുമായി വിനിയോഗിക്കാനാണ് കൗൺസിൽ തീരുമാനം.
ഇടത്താവളത്തിനുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകുകയും നടത്തിപ്പ് സംഘടനകളെ ഏല്പിക്കാനുമാണ് നീക്കം. പന്തൽ, ഭക്ഷണം , ശൗചാലയം എന്നിവ അടക്കമുള്ള കാര്യങ്ങൾ ഇടത്താവള നടത്തിപ്പുകാർ സ്വയം വഹിക്കണമെന്നതാണ് നഗരസഭ മുന്നോട്ടു വയ്ക്കുന്ന നിർദേശം. കഴിഞ്ഞ വർഷം വരെ നഗരസഭാ മൈതാനിയിൽ പ്രവർത്തിച്ചിരുന്ന ഇടത്താവളം നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള ഓപ്പൺ സ്റ്റേജിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം കൗൺസിൽ തീരുമാനിച്ചിരുന്നു.
തീർഥാടനം നടക്കുന്ന രണ്ടു മാസത്തേക്ക് ഓപ്പൺ സ്റ്റേജ് മറ്റാവശ്യങ്ങൾക്കായി വിട്ടു നൽകില്ലെന്ന് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉറപ്പു നൽകിയിട്ടുണ്ട്. . സ്ഥിരം ഇടത്താവളം നിർമിക്കുമെന്ന നഗരസഭാ അധികൃതർ കാലങ്ങളായി നടത്തി വരുന്ന വാഗ്ദാനങ്ങൾ നാളിതു വരെയായും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ നഗരസഭാ ബജറ്റിലും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടായിരുന്നു.
എന്നാൽ ഇടത്താവളം തുടങ്ങിയ കാലം മുതൽ അതിനെ ഇല്ലാതാക്കാനും സ്ഥിരം ഇടത്താവളം നിർമിക്കുന്നതിനെതിരെയും നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രാന്റ് തടയപ്പെടുന്നതടക്കമുള്ള തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് അയ്യപ്പധർമ പരിഷത്ത് ജില്ലാ പ്രസിഡന്റ് ലാൽ നന്ദാവനവും ഹൈന്ദവ സംഘടനാ നേതാക്കളും പറഞ്ഞു.