കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയക്ഷരത്തിന്റേയും ഒപ്പിന്റേയും സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്നലെ കോടതി മുഖേന ശേഖരിച്ച പേജുകണക്കിന് കൈയക്ഷരവും ഒപ്പും ഫോറൻസിക് വകുപ്പിലെ ഡോക്യുമെന്റ് വിദഗ്ധർ പരിശോധിക്കും. ഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയശേഷം, റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും അവകാശിയായ തന്റെ പേരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജോളി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
പോലീസ് പിടിച്ചെടുത്ത ഈ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഫോറൻസിക് പരിശോധന നടത്തന്നത്. അപേക്ഷയിലെ വാചകങ്ങളത്രയും ഇന്നലെ 26 തവണ എഴുതിക്കുകയും 30 തവണ ഒപ്പിടുവിക്കുകയും ചെയ്തിരുന്നു. ഈ സാമ്പിളുകൾ വിശദമായി പരിശോധിച്ചാൽ പഴയ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടെതാണെന്ന് തെളിയിക്കാനാകും.
കൈപ്പടയും ഒപ്പും മാറ്റിയെഴുതിയാൽപോലും ഘടന പരിശോധിച്ച് ഇവ ആരുടേതെന്ന് തെളിയിക്കാൻ ഡോക്യുമെന്റ് വിഭാഗത്തിലെ വിദഗ്ധർക്കാവും. ഇതിനു പുറമെ അപേക്ഷ തയാറാക്കിയ കാലഘട്ടത്തിലെ ജോളിയുടെ വേറെ കൈയക്ഷരവും ഒപ്പും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ ജോളിയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ യഥാർഥത്തിൽ രണ്ട് സ്ത്രീകളുടേയും ഒരു പുരുഷന്റേതുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റ് മറ്റൊരു സ്ത്രീയുടെതാണ്. കേരള യൂനിവേഴ്സിറ്റിയുടെ എം കോം സർട്ടിഫിക്കറ്റ് വേറൊരു സ്ത്രീയുടെയും മാർക്ക് ലിസ്റ്റ് പുരുഷന്റേതുമാണ്. ഇവരുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്ത് പേര് മായ്ച്ച ശേഷം ജോളിയുടെ പേര് എഴുതി ചേർക്കുകയായിരുന്നു.
സർട്ടിഫിക്കറ്റുകളുടെ യഥാർത്ഥ ഉടമകളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. വ്യാജ നെറ്റ് സർട്ടിഫിക്കറ്റിന്റെ ഉറവിടം സംബന്ധിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.