സ്വന്തം ലേഖകൻ
അയ്യന്തോൾ: കോർപറേഷൻ അയ്യന്തോൾ സോണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന നഗരസഭ കമ്യൂണിറ്റി ഹാൾ ആക്രി സാധനങ്ങളും മാലിന്യങ്ങളും കൊണ്ടുവന്നു തള്ളുന്ന ഇടമായി മാറി. കമ്യൂണിറ്റി ഹാൾ ലാലൂർ ട്രഞ്ചിംഗ് ഗ്രൗണ്ടു പോലെയാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. കളക്ടറേറ്റിന് സമീപമുള്ള കമ്യൂണിറ്റി ഹാൾ നശിച്ചുകൊണ്ടിരിക്കുകയാണ്.കുറഞ്ഞ ചിലവിൽ വിവാഹ ആവശ്യങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായി നൽകിയിരുന്ന ഹാളായിരുന്നു ഇത്. പഴയ ഗ്രാമപഞ്ചായത്തായിരിക്കുന്പോഴാണ് 1987ൽ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി വി.ജെ.തങ്കപ്പൻ ഹാൾ ഉദ്ഘാടനം ചെയ്തത്.
2013ൽ ലക്ഷങ്ങൾ ചിലവഴിച്ച് അന്നത്തെ കോർപറേഷൻ മേയർ ഐ.പി.പോളിന്റെ നേതൃത്വത്തിൽ ഹാൾ നവീകരിച്ചു. വർഷാവർഷം അറ്റകുറ്റപണികൾക്കായി തനത് ഫണ്ടിൽ നിന്നും പണം ചിലവഴിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. നഗരശുചീകരണജീവനക്കാരും കുടുംബശ്രീക്കാരും ശേഖരിക്കുന്ന ആക്രി സാധനങ്ങളടക്കമുള്ളവ ഇവിടെയാണ് ഇപ്പോൾ തള്ളുന്നത്.
ഏഴായിരം രൂപക്കായിരുന്നു ഈ ഹാൾ വാടകയ്ക്ക് നൽകിയിരുന്നത്. രാഷ്ട്രീയ സാംസ്കാരിക പരിപാടികൾക്ക് അതിലും ഇളവിലാണ് ഹാൾ ലഭ്യമാക്കിയിരുന്നത്. മറ്റു ഹാളുകളുമായി താരതമ്യം ചെയ്യുന്പോൾ ഇത്രയും കുറഞ്ഞ നിരക്കിൽ ഹാൾ ലഭിച്ചിരുന്നത് സാധാരണക്കാർക്കേറെ ആശ്വാസമായിരുന്നു. കളക്ടറേറ്റിന്റെ തൊട്ടടുത്ത സ്ഥലമായതിനാൽ സർക്കാർ പരിപാടികളേറെയും ഇവിടെ നടത്തിയിരുന്നു.
ഹാളിന്റെ അടുക്കള ഭാഗത്തെ സീലിംഗ് അടർന്നുവീണതിന്റെ അറ്റകുറ്റപണികൾ നടത്താൻ ശ്രമിക്കാതെ പുതിയ കെട്ടിടം നിർമിക്കാൻ വേണ്ടി വലിയ കുഴപ്പങ്ങളില്ലാത്ത ഹാൾ അടച്ചുപൂട്ടിയെന്നാണ് ജനപ്രതിനിധികളും നാട്ടുകാരും ആരോപിക്കുന്നത്. കൗണ്സിലിന്റെ തീരുമാനം പോലും ഇതിനുണ്ടായില്ലെന്നും പറയുന്നു. തുക വകയിരുത്തി പുതിയ കെട്ടിടം നിർമിക്കൽ അടുത്തൊന്നും നടക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എയർകണ്ടീഷനടക്കമുള്ള സജ്ജീകരണങ്ങളോടെ പുനർനിർമിക്കാനുദ്ദേശിക്കുന്ന ഹാളിന് വലിയ വാടകയും നൽകേണ്ടി വരുമെന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും.