കേരളം ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ നിന്ന് 3ജി നെറ്റ്വര്‍ക്ക് പിന്‍വലിക്കാനൊരുങ്ങി എയര്‍ടെല്‍. 3ജി ലഭിച്ചു കൊണ്ടിരുന്ന സ്ഥലങ്ങളില്‍ ഇനി 4ജിയായിരിക്കും ലഭിക്കുക. എന്നാല്‍ 2ജി നെറ്റ്വര്‍ക്ക് നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തിലും വൈകാതെ തന്നെ 3ജി നെറ്റ്വര്ക്കുകള് റദ്ദാക്കുമെന്ന് കമ്പനി അറിയിപ്പ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ 2ജി നെറ്റ്വര്ക്കുകള് ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് പ്രവര്‍ത്തനക്ഷമമായി തുടരുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു. ഡല്‍ഹി പോലുള്ള സര്‍ക്കിളുകളില്‍ പോലും 2ജി ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ഗണ്യമായ വരുമാനം ലഭിക്കുന്നു. അതിനാല്‍ എയര്‍ടെല്ലിന്റെ 2ജി നെറ്റ്വര്‍ക്ക് അടച്ചുപൂട്ടാന്‍ പദ്ധതിയില്ല. എന്നാല്‍ 3ജി നെറ്റ് വര്‍ക്ക് വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് 3ജി റദ്ദാക്കാനുള്ള കാരണം.
മൊബൈല്‍ ഫോണുകള്‍ക്കായുള്ള അതിവേഗ വയര്‍ലെസ് ആശയവിനിമയത്തിനുള്ള ഒരു മാനദണ്ഡമാണ് വോയ്സ് ഓവര്‍ ലോംഗ് ടേം എവലൂഷന്‍ (VoLTE). ഇന്ത്യയില്‍ ജിയോയാണ് ആദ്യമായി 4ജി-വോള്‍ട്ടി നെറ്റ്വര്‍ക്ക് രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും നടപ്പിലാക്കിയത്. 2016 സെപ്റ്റംബറില്‍ 4ജി മാത്രമാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ 2ജി, 4ജി എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 3ജി ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന പ്രക്രിയയിലാണ്. വോഡഫോണ്‍ ഐഡിയയുടെ 2ജി, 3ജി, 4ജി നെറ്റ്വര്ക്കുകള് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയിലെ 22 ടെലികോം സര്‍ക്കിളുകളിലുടനീളമുള്ള 3ജി നെറ്റ്വര്‍ക്ക് 2020 മാര്‍ച്ചോടെ അടച്ചു പൂട്ടുമെന്നും 4ജി സേവനങ്ങള്‍ നല്കുന്നതില് ശ്രദ്ധ വര്‍ധിപ്പിക്കുമെന്നും എയര്‍ടെല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ കൊല്‍ക്കത്തയിലെ 3ജി നെറ്റ്വര്‍ക്ക് അടച്ചുപൂട്ടിയാണ് കമ്പനി ഈ പ്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സര്‍ക്കിളുകളിലും റദ്ദാക്കി. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് 2ജി സേവനങ്ങള്‍ തുടരുന്നത്.ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ഭാഗം ഇപ്പോഴും വേഗമില്ലാത്ത നെറ്റ്വര്ക്കുകളിലാണെന്നതിനാല്, അടുത്ത വര്‍ഷം മുതല്‍ ഇന്റര്‍കണക്ട് യൂസസ് ചാര്‍ജ് (ഐയുസി) നീക്കം ചെയ്യരുതെന്നാണ് ഭാരതി എയര്‍ടെല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെയാണ് 2ജിയില്‍ വിറ്റലിന്റെ പരാമര്‍ശം.