മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർക്കു സ്ഥിരനിയമനം നൽകി വനംവകുപ്പിന്റെ വിചിത്ര ഉത്തരവ്. 2018 ഡിസംബർ 14ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറയൂർ പഞ്ചായത്ത് പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജി(46) നെയാണ് സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഒൗട്ട് പോസ്റ്റിൽ ജോലി ചെയ്തു മടങ്ങവേ ചന്പക്കാടിനു സമീപം കാട്ടാന നാഗരാജിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാഗരാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഡിസംബർ 14ന് മരിച്ചു.
2019 നവംബർ മൂന്നിന് ഇറങ്ങിയ വനം-വന്യജീവി വകുപ്പ് സിസിഎഫിന്റെ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.
2013ൽ 20 വർഷം തുടർച്ചയായി താത്കാലികാടിസ്ഥാനത്തിൽ സൂപ്പർ ന്യൂമററി തസ്തികയിൽ 56 വയസ് കഴിയാത്തവരുമായ 234 വാച്ചർമാരെ സർക്കാർ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ, 22 വർഷം താത്കാലിക വാച്ചറായി ജോലിചെയ്ത നാഗരാജ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. 2013ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ ഉൾപ്പെടാതെ വന്ന അർഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തി 2019 നവംബർ മൂന്നിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് നാഗരാജിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനാൽ വനം വകുപ്പ് 2019 ഒക്ടോബർ ഒന്നിനു ഭാര്യ ചിത്രാ ദേവിക്കും അമ്മയ്ക്കുമായി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കിയിരുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ മൂന്ന് ലക്ഷം രൂപയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു ലക്ഷം രൂപയും ഇനി ഈ കുടുംബത്തിനു ലഭിക്കും.
ചിത്ര ദേവി ഇപ്പോൾ ചിന്നാർ വന്യജീവി സങ്കേതത്തിൽ താത്കാലിക ജീവനക്കാരിയാണ്. നാഗരാജിന്റെ പേരു പുതിയ നിയമന ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അനന്തരാവകാശിക്കു സ്ഥിരംജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.