തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു ഭാരവാഹികളുടെ ജംബോ പട്ടിക ഡൽഹിക്ക്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 100 പേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു സമർപ്പിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ അടക്കമുള്ളവർ നൽകിയ പട്ടികയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിക്ക്.
ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കുമോ എന്ന ആശങ്ക ഗ്രൂപ്പു നേതാക്കൾക്കുണ്ട്. 30 ജനറൽ സെക്രട്ടറിമാരുടെ പട്ടികയാണ് ഇരു ഗ്രൂപ്പുകളുമായി നൽകിയിട്ടുള്ളത്. സെക്രട്ടറിമാരുടേതായി 60 പേരും പട്ടികയിലുണ്ട്. മുൻ ജനറൽ സെക്രട്ടറിമാരിൽ പലരും വൈസ് പ്രസിഡന്റ് പട്ടികയിലാണുള്ളത്.
സെക്രട്ടറിമാരും ഡിസിസി മുൻ പ്രസിഡന്റുമാരും അടങ്ങുന്ന ജനറൽ സെക്രട്ടറി പട്ടികയാണുള്ളത്. ഇന്നലെ രാത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. ഐ ഗ്രൂപ്പിന്റെ പട്ടിക കൈമാറിയെന്നാണു സൂചന.
ഡൽഹിയിലെത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. തിങ്കളാഴ്ചയാകും കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തുക. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായവും ഭാരവാഹി നിർണയത്തിൽ പ്രധാനമാകും. സാമുദായിക പ്രാതിനിധ്യമാകും ഭാരവാഹിപ്പട്ടികയിൽ പ്രധാനമായി പരിഗണിക്കുക. എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക പരിഗണന നൽകും.
യുവാക്കൾക്കും വനിതകൾക്കും അർഹമായ പരിഗണന നൽകണമെന്നു ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പ് നൽകിയ പട്ടികയിൽ നിലവിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുണ്ട്. വി.ഡി. സതീശൻ എംഎൽഎയെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തെ ഒഴിവിലേക്കു പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. അടൂർ പ്രകാശ് എംപിയെ കെപിസിസി വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, എ ഗ്രൂപ്പ് നിലവിലെ എംപിമാരേയും എംഎൽഎമാരെയും ഒഴിവാക്കിയാണു പട്ടിക നൽകിയിട്ടുള്ളത്. തന്പാനൂർ രവിയെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിച്ചിട്ടുണ്ട്.