കൊച്ചി: പുരുഷന്മാരിൽ അൻപതിനു മുകളിൽ പ്രായമുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുതലായി കാണപ്പെടുന്നുണ്ടെന്നു കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വകുപ്പു മേധാവിയും സീനിയർ കണ്‍സൽട്ടന്റ് യൂറോളജിസ്റ്റും ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. ജോർജ് പി. ഏബ്രഹാം. രാജ്യത്ത് 25,000 പേർക്കു പ്രതിവർഷം പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തുന്നുണ്ടെന്നും കാൻസർ ബോധവത്കരണ ദിനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രോഗബാധിതരുടെ അപകടകരമായ കണക്കുകളാണു പുറത്തുവരുന്നത്. പ്രായം കൂടുന്തോറും രോഗഭീഷണിയും വർധിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം പുരുഷന്മാരിൽ പൊതുവേ 65 – 69 പ്രായത്തിലാണു നടക്കാറുള്ളത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 1990 മുതൽ പ്രോസ്റ്റേറ്റ് കാൻസർ രോഗബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
2020 ഓടെ ഇതു വീണ്ടും വർധിക്കുമെന്നാണു നാഷണൽ കാൻസർ റെജിസ്ട്രി പ്രോഗ്രാം കണക്കാക്കുന്നത്. വിപരീത ജീനുകളുടെ സാന്നിധ്യംകൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥികളിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതോടെയാണു പ്രോസ്റ്റേറ്റ് കാൻസർ സാധാരണയായി തുടങ്ങുന്നത്.
അനാരോഗ്യകരമായ ജീവിതശൈലി ഇതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. സിഗരറ്റ് ഉപഭോഗം നിയന്ത്രിക്കുന്നതും ആരോഗ്യകരമായ ഭക്ഷണരീതിയും വിഷമില്ലാത്ത പച്ചക്കറികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ജങ്ക് ഫുഡ് പരമാവധി കുറയ്ക്കുന്നതും പ്രോസ്റ്റേറ്റ് കാൻസർ പ്രതിരോധത്തിനു സഹായകരമാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തി സർജറി ഉൾപ്പടെയുള്ള ചികിത്സകൾ നടത്തിയാൽ പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാം. കൂടുതൽ ഫലപ്രദമായ റോബോട്ടിക് സർജറി ചെലവു കുറഞ്ഞ രീതിയിൽ കൊച്ചിയിൽ വൈകാതെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും ഡോക്ടർ പറഞ്ഞു.