കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സണും മുൻ വൈസ് ചെയർപേഴ്സണും എതിരേ അഴിമതി ആരോപണം. നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോനയും മുൻ വൈസ് ചെയർപേഴ്സണും 24-ാം വാർഡ് കൗണ്‍സിലറുമായ ജാൻസി ജയിംസിനും എതിരെയാണ് അഴിമതി ആരോപണമുയർന്നിരിക്കുന്നത്.
23-ാം വാർഡിൽ ജാൻസ് ജയിംസിന്റെ വീട് സ്ഥിതി ചെയ്യുന്നതിനു പുറകിലായി നഗരസഭ ഓണ്‍ ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ച് 20 മീറ്ററോളം നീളത്തിൽ മതിൽ നിർമിച്ചുവെന്നാണ് പരാതി. ഏതാണ്ട് ആറുമാസം മുന്‍പാണ് മതിൽ നിർമിച്ചത്.
സംരക്ഷണ ഭിത്തി നിലനിർത്തിക്കൊണ്ട് അതിനു മുകളിലാണ് മതിൽ നിർമിച്ചിരിക്കുന്നത്. ആദ്യം കെട്ടിയ മതിൽ ഇടിഞ്ഞു പോയതിനുശേഷം വീണ്ടും മതിൽകെട്ടുകയായിരുന്നു. 23-ാം വാർഡിലെ കൗണ്‍സിലറോ വാർഡു സഭയോ അറിയാതെയാണ് നഗരസഭയുടെ ഓണ്‍ഫണ്ട് ഉപയോഗിച്ച് ഇവിടെ മതിൽ നിർമിച്ചത്. നഗരസഭയുടെ ആവശ്യപ്രകാരം ഇറിഗേഷൻ വകുപ്പ് അധികൃതരാണ് മതിൽ നിർമിച്ചു നല്‍കിയത്.
മതിൽകെട്ടിയ സംഭവത്തിൽ വൻ അഴമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രതീഷ് താഴത്തങ്ങാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്് ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്. സംഭവത്തിന്റെ രേഖകൾ സഹിതം ഓംബുഡ്സ്മാൻ, വിജിലൻസ് എന്നിവർക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് രതീഷ് താഴത്തങ്ങാടി.
എന്നാൽ പ്രദേശവാസികൾ ഒന്നിച്ചെത്തി ആവശ്യപ്പെട്ടതിൻ പ്രകാരമാണ് പണം അനുവദിച്ചതെന്നും ഇതുകൊണ്ട് 20ൽപരം വീട്ടുകാർക്കാണു പ്രയോജനം ലഭിച്ചതെന്നും നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന പറഞ്ഞു. കൗണ്‍സിലിന്റെ അജണ്ടയിൽ പാസാക്കിയാണ് ഇറിഗേഷൻ വകുപ്പിനു പണം അനുവദിച്ചത്.
മതിൽകെട്ടിയതോടെ ഇത്തവണത്തെ വെള്ളപ്പെക്കാത്തിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയില്ലെന്നും വ്യക്തിവൈരാഗ്യം തീർക്കുന്നതിനാണ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും ഡോ. പി.ആർ. സോന പറഞ്ഞു.