മാവേലിക്കര: ഇരുതലമൂരി ഇനത്തിൽപെട്ട പാന്പിനെ തെക്കേക്കര പൊന്നേഴയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പൊന്നേഴ കൊല്ലന്റെവടക്കതിൽ ജംഗ്ഷനിൽ നിന്ന് അഞ്ച് അടിയോളം നീളമുള്ള പാന്പിനെ കണ്ടെത്തിയത്. ഒടിഞ്ഞു കിടക്കുന്ന വൈദ്യുതി തൂണിനടിയിൽ ചുരുണ്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയ പാന്പിനെ നാട്ടുകാർ ചാക്കിലാക്കിയ ശേഷം കുറത്തികാട് പോലീസിൽ വിവരമറിയിച്ചു. 11 ഓടെ പോലീസെത്തി പാന്പിനെ ചാക്കിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുതലമൂരിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണമെന്ന വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം പാന്പിനെ വെട്ടിയാർ താന്നിക്കുന്ന് പുഞ്ചയിൽ വിട്ടു. ഇരുതലമൂരി എന്ന ഇനത്തിലെ പാന്പുകൾ അന്ധവിശ്വാസത്തിന്റെ ഇരകളായി മാറിയതോടെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസികളുടെ ധനമോഹമാണ് ഇവയുടെ നാശത്തിന് വഴിവെച്ചത്.
വീടുകളിൽ ഇവയെ സൂക്ഷിച്ചാൽ ഐശ്വര്യങ്ങൾ ഉണ്ടാകുമെന്നാണ് ഇത്തരക്കാർ വിശ്വസിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇത്തരക്കാർ ലക്ഷങ്ങൾ മുടക്കിയാണ് ഇവയെ വാങ്ങുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് ഈ അന്ധവിശ്വാസത്തിന്റെ ഉറവിടം.
ഇപ്പോൾ കേരളത്തിലും ഈ അന്ധവിശ്വാസം പിന്തുടരുന്നവരുണ്ട്. ഇരുതല മൂരികളെ പിടിക്കുന്നതും സൂക്ഷിക്കുന്നതും വന്യജീവി നിയമത്തിലെ ഷെഡ്യൂൾ നാലിൽ പെടുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ചുവന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് ഇരുതല മൂരികളെ കൂടുതലായി കാണുക. വിഷമില്ലാത്ത ഇവ കടിക്കാറുമില്ല. അക്കാരണം കൊണ്ടുതന്നെ ഇവയെ പിടികൂടാൻ വലിയ പ്രയാസമില്ല.