ഏറ്റുമാനൂർ: അരി കേടാകാതിരിക്കാൻ ചാക്കിന് മുകളിൽ കീടനാശിനി പ്രയോഗം നടത്തിയതു ഗുരുതര വീഴ്ചയാണെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം. കടയിൽ നിന്നും ശേഖരിച്ച സാന്പിളിനു പുറമെ ഇവരുടെ അതിരന്പുഴയിലുള്ള ഗോഡൗണിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും സാന്പിൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കടയുടമയ്ക്കു ഏറ്റുമാനൂർ നഗരസഭ ഇന്നു നോട്ടീസ് നല്കും. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു നഗരസഭാധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്കാണു ഏറ്റുമാനൂർ പേൂർ കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് അതിരന്പുഴ ഗോഡൗണിൽനിന്നും എത്തിച്ച അരിച്ചാക്കുകൾക്കിടയിലാണു അലുമിനിയം ഫോസ് ഫൈഡ് 56 ശതമാനം അടങ്ങിയ കീടനാശിനി വിതറിയതായി കണ്ടെത്തിയത്. അരിച്ചാക്കുകൾ ഇറക്കുന്നതിനിടയിൽ തൊഴിലാളികൾക്കു ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടതോടെയാണ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് കിടനാശിനികൾ പൊട്ടിച്ചു വിതറിയത് കണ്ടെത്തിയത്.
സാധാരണയായി അലൂമിനിയം ഫോസ് ഫൈഡ് നിശ്ചിത അളവിൽ വായുവിൽ തുറന്ന് വയ്ക്കുകയാണ് ചെയ്യണ്ടത്. ഇങ്ങനെ തുറന്ന് വയ്ക്കുന്പോൾ ഇതിൽ നിന്നും സൾഫൈൻ എന്ന ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുകയും ഇതു ശക്തിയേറിയ ടോക്സിനായതിനാൽ കീടങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ ഇതു ഭക്ഷ്യ വസ്തുക്കളുമായി നേരിട്ട് കൂട്ടിക്കലർത്താൻ പാടില്ല. മാത്രമല്ല ലൈസൻസുള്ള അഥോറിട്ടിക്ക് മാത്രമെ ഇത് ഉപയോഗിക്കാൻ അനുവാദമുള്ളു.
എന്നാൽ സാധാരണ വെയർഹൗസ് അധികൃതർ നേരിട്ടെത്തിയാണ് കീടനാശിനി പ്രയോഗം നടത്തുന്നതെന്നാണ് ഉടമകൾ പറയുന്നത്. ഇതു തങ്ങൾ ചെയ്തതല്ലെന്നും ലോഡിൽ ഉണ്ടായിരുന്നതാണെന്നുമാണ് ഉടമസ്ഥർ നല്കുന്ന വിശദീകരണം. അതേസമയം ലോറിയിൽ ഉണ്ടായിരുന്ന ബില്ലുകൾ അതിരന്പുഴ ഗോഡൗണിൽ നിന്നുള്ളതായതിനാലാണു സ്വകാര്യ സ്ഥാപനത്തിന്റെ അതിരന്പുഴയിലെ ഗോഡൗണിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.
ഇന്നലെ രാത്രി 10.30നാണ് അതിരന്പുഴയിൽ പരിശോധന നടത്തി സാന്പിളുകൾ ശേഖരിച്ചത്. ശേഖരിച്ച സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കടയിൽ നിന്നും അതിരന്പുഴയിലെ ഗോഡൗണിൽ നിന്നും ശേഖരിച്ച സാന്പിളിന്റെ പരിശോധനാ ഫലം ലഭിച്ചതിനുശേഷമേ നടപടി സ്വീകരിക്കുകയെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ പറഞ്ഞു. ലോറിയിൽ എത്തിച്ച അരിച്ചാക്കുകൾ ഭക്ഷ്യ സുരക്ഷ വിഭാഗം സിസ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.