തൃശൂർ: പെറ്റി കേസുകളിൽ പ്രതികൾക്കു കുറ്റം സമ്മതിച്ച് പിഴ ഒടുക്കി കേസ് തീർക്കുവാൻ ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും സർക്കാർ അവധിദിനമായ നാളെ രാവിലെ പത്തു മുതൽ പ്രത്യേക സിറ്റിംഗ് നടത്തും. ഏകദേശം 10000 പെറ്റി കേസുകളാണ് ജില്ലയിൽ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ അന്നേദിവസം പരിഗണിക്കുക. പ്രതികൾക്കു നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയെ സമീപിക്കാം.
തൃശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്ട്രേറ്റ് കോടതികൾക്ക് അന്നു പ്രവൃത്തിദിനം ആയിരിക്കും. കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ നിർദേശമനുസരിച്ച് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നത്.
പെറ്റി കേസ് പ്രതികൾക്കുളള സമൻസ് തപാൽ മുഖേന അയച്ചു. മറ്റു കേസുകൾ അന്നു പരിഗണിക്കില്ല. പെറ്റി കേസിലെ പ്രതികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു തൃശൂർ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി ജോയ് അറിയിച്ചു.