ഗുരുവായൂർ: ശബരിമല സീസണിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് നാലുനേരം ഭക്ഷണം നൽകുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചു.അന്നലക്ഷ്മി ഹാളിൽ രാവിലെ അഞ്ചു മുതൽ ഇഡലി,പൊങ്കൽ, കിച്ചടി, ഉപ്പുമാവ്, ചായ, ചുക്കുകാപ്പി എന്നിവയാണ് രാവിലത്തെ വിഭവങ്ങൾ. രാവിലെ 10.30മുതൽ ഉച്ചഭക്ഷണം ആരംഭിക്കും.
ഉച്ചക്ക് ക്ഷേത്രനട അടച്ചതിനുശേഷം അരമണിക്കൂർ കഴിയുന്നതുവരെ ഉച്ചഭക്ഷണം നൽകും.വൈകിട്ട് അഞ്ചു മുതൽ ചപ്പാത്തിയാണ്.രാത്രി ഏഴുമുതൽ കഞ്ഞി,പുഴുക്ക് എന്നിവയാണ് വിഭവങ്ങൾ. ഏകാദശി,ശബരിമല സീസണ് കഴിയുന്നതുവരെ രാവിലെ 10 മുതൽ 11 വരെ സ്പെഷൽ ദർശനം അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനം അനുവദിക്കും.ഭക്തരുടെ സൗകര്യാർഥം ക്ഷേത്രത്തിന്റെ നാലു നടകളിലും വൃശ്ചികം ഒന്നുമുതൽ അഞ്ചു വീതം ഇ ടോയ്ലറ്റുകൾ സ്ഥാപിക്കും.കൊയൻ നിക്ഷേപിച്ച് ഭക്തർക്ക് ഉപയോഗിക്കാനാകും.ഏകാദശിയുടെ ഭാഗമായി ദശമി രണ്ടു ദിവസം വരുന്നതിനാൽ രണ്ടാമത്തെ ദിവസം ആഘോഷിച്ചാൽ മതിയെന്ന് തീരുമാനിച്ചു.
തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.ഡിസംബർ ഏഴിന് ദശമി ദിവസം പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറന്നാൽ ദ്വാദശി ദിവസം രാവിലെയാണ് ക്ഷേത്രനട അടക്കുന്നത്. 54മണിക്കൂർ തുടർച്ചയായ ദർശനം ലഭിക്കും. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി.