കണ്ണൂർ: ആന്തൂരിൽ പാർഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകുന്നതിൽ വീഴ്ചവരുത്തിയെന്ന ആരോപണത്തെ സസ്പെൻഷനായ നാല് ഉദ്യോഗസ്ഥരിൽ സെക്രട്ടറിയെ മാത്രം സർവീസിൽ തിരിച്ചെടുത്ത നടപടിയിൽ ജീവനക്കാർക്കിടയിൽ അമർഷം. ആന്തൂർ നഗരസഭാ സെക്രട്ടറിയായിരുന്ന എം.കെ. ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം നൽകിയിരിക്കുന്നത്.
കൺവൻഷൻ സെന്ററിന് അനുമതി പല കാരണങ്ങൾ പറഞ്ഞ് വൈകിച്ചതാണ് സാജന്റെ ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ആരോപിച്ചാണ് സെക്രട്ടറിയെയും അസി. എൻജിനീയർ കെ. കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരെയും സസ്പെൻഡ് ചെയ്തത്. ഇതിൽ സെക്രട്ടറിയെ മാത്രം തിരിച്ചെടുത്തത് നീതികേടാണെന്ന അഭിപ്രായമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്.
കോഴിക്കോട് മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ, മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമൊന്നും പറയുന്നില്ല.
കഴിഞ്ഞ ജൂൺ 18 നാണ് പാർഥ കൺവൻഷൻ സെന്റർ പാർട്ണറായ ചിറക്കൽ അരയന്പേത്തെ സാജൻ ആത്മഹത്യചെയ്തത്. ജന്മനാട്ടിൽ മുതൽമുടക്കാനിറങ്ങിയ പ്രവാസി വ്യവസായിക്ക് ജീവനൊടുക്കേണ്ടി വന്നത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു.
തുടർന്ന് കൺവൻഷൻ സെന്ററിന് ഇളവുകളോടെ നഗരസഭാ പ്രവർത്തനാനുമതി നൽകുകയായിരുന്നു. സാജന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആന്തൂർ നഗരസഭാ അധികൃതർക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിക്കാവുന്ന തെളിവുകൾ കണ്ടെത്തനായിരുന്നില്ല.