ബാലരാമപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെയാണ് (33) ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.ബാലരാമപുരം മണലി കൂടല്ലൂർ സ്വദേശി ബിനുവിനെ (46) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം ഐത്തിയൂർ കൂടല്ലൂർ മേലേ തണ്ണിയറ ത്തുവിളാകത്തിൽ മണിയൻ എന്ന ജയകുമാറിനെ ( 52 ) ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- കഴിഞ്ഞ ദിവസം രാവിലെ തന്നെ ബിനുവും അനീഷും ജയകുമാറിന്റെ ബാലരാമപുരം മണലി കൂടല്ലൂരിലെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ആൾപ്പാർപ്പില്ലാത്ത സ്ഥലമായതിനാൽ ഇവിടെയുള്ള മദ്യപാനം സ്ഥിരമാണ്. വൈകിട്ടോടുകൂടി ജോലി കഴിഞ്ഞ് ജയകുമാറും സമീപവാസി അനിൽ കുമാറും മദ്യവുമായെത്തി ഇവരോടൊപ്പം കൂടി .
രാത്രിയോടു കൂടി ബിനുവും അനീഷും തമ്മിൽ സാമ്പത്തിക കാര്യത്തെച്ചൊല്ലി തർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തിച്ചേരുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന ചുറ്റിക കൊണ്ട് അനീഷ് ബിനുവിനെ മർദ്ദിച്ചു.ഇത് കണ്ട സഹോദരൻ ജയകുമാർ ബിനുവിനെ രക്ഷിക്കാനായ് ചുറ്റിക പിടിച്ചു വാങ്ങി അനീഷിന്റെ തലയ്ക്കും മുഖത്തും മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അനിൽകുമാർ ഇവർ തമ്മിലുള്ള തർക്കം തുടങ്ങിയപ്പോഴെ വീട്ടിൽ പോയിരുന്നു.
പുലർച്ചെ അനി ൽകുമാർ തിരിച്ചെത്തിനോക്കുമ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന ബിനുവിനെയും മരിച്ചു കിടക്കുന്ന അനീഷിനെയും കാണുന്നത് .തുടർന്ന് ഇയാളാണ് കുറച്ച് അകലെ താമസിക്കുന്ന ബിനുവിന്റെ മകനെ അറിയിക്കുകയും ബിനുവിനെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇയാൾ കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കാണ് താമസം. സഹോദരൻ ബിനുവും ഭാര്യയുടെ മരണത്തിനു ശേഷം ഒറ്റയ്ക്ക് ഇതിനോട് ചേർന്ന മറ്റൊരു വീട്ടിലാണ് താമസവും. സമീപത്തെ തോട്ടിൽ നിന്നും ചുറ്റികയും പോലീസ് കണ്ടെത്തി. അവിവാഹിതനാണ് മരിച്ച അനീഷ് .പിതാവ് : വിദ്യാധരൻ. മാതാവ്: നി ർമ്മല. വിനിതയാണ് സഹോദരി .പോലീസും ഡോഗ് സ്ക്വാഡും എത്തി. ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.ബാലരാമപുരം സിഐ ജി ബിനുവിന്റെയും എസ്ഐവിനോദ് .കുമാറിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
സംഭവത്തിൽ കുടെ ഉണ്ടായിരുന്ന അനിൽ കുമാറിനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. പ്രതി ജയകുമാറിൽനിന്ന് പോലീസ് എടുത്ത മൊഴിയും നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന് ആശുപത്രിയിലുള്ള ബിനു നൽകിയ മൊഴിയും പരസ്പര വിരുദ്ധ ങ്ങളായതും പോലീസിനെ കുഴക്കുന്നുണ്ട്.