ഏറ്റുമാനൂർ: നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം അനാവശ്യമായിരുന്നുവെന്ന് നഗരസഭ അധികൃതർ. നിലവിൽ സംസ്കാരം നടത്തിയ ശ്മശാനത്തിന് സമീപം ജനവാസ കേന്ദ്രമായതിനാൽ കിണറുകളിലെ വെള്ളം മലിനമാകുന്നുവെന്ന പരാതിയുണ്ടായിരുന്നു. അതിനാൽ ഇവിടെ സംസ്കാരം നടത്തുന്നതിൽ ആളുകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അതുകൊണ്ടു തന്നെ ഇവിടെ സംസ്കാരം ഇപ്പോൾ നടത്താറില്ല. ഏറ്റുമാനൂരിലെയും പരിസര പ്രദേശങ്ങളിലെയും മൃതദേഹങ്ങൾ കോട്ടയത്തും മറ്റുചിലയിടങ്ങളിലുമാണ് സംസ്കരിച്ചിരുന്നത്. സംസ്കാരം ഇല്ലാത്തതിനാൽ അതിനായിട്ടുള്ള ജീവനക്കാരെയും നിലവിൽ നിയമിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ ആധുനിക ഗ്യാസ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം മാത്രമെ ഏറ്റുമാനൂർ നഗരസഭയിൽ ജീവനക്കാരെ നിയമിക്കുകയും മൃതദേഹങ്ങൾ സം സ്കരിക്കുകയും ചെയ്യുകയുള്ളു എന്ന് മെഡിക്കൽ കോളജിൽ അടക്കം അറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഒഴിവാക്കാനാകാത്ത കേസുകളിൽ മൃതദേഹം സംസ്കരിച്ചിട്ടുണ്ട്.
രണ്ടുമാസം മുൻപ് ഏറ്റുമാനൂർ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനാഥ മൃതദേഹം ചെയർമാന്റെ നേതൃത്വത്തിൽ ആചാരപ്രകാരം നഗരസഭയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ മറവ് ചെയ്തിരുന്നു. ജീവനക്കാരില്ല എന്ന മുഖ്യ കാരണം ചൂണ്ടിക്കാട്ടി പോലീസിനെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചതുമാണ്.
രേഖകൾ സമർപ്പിക്കാൻ പോലീസ് വൈകിയത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ചെയർമാൻ പറഞ്ഞു.നഗരസഭയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ശിശുവിന്റെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായതെന്നും നഗരസഭ ചെയർമാൻ ജോർജ് പുല്ലാട്ട് പറയുന്നു.