മുളന്തുരുത്തി: പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് അകത്തു കയറി വെൽഡിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കളെ മുളന്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. വൈക്കം ഉദയനാപുരം നേരേകടവ് ഷാജാസ് ഭവനിൽ ഷിജാസ് (34), കോതമംഗലം അയിരൂർപാടം വിമലാലയം ബിജു (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അഞ്ചിന് പുലർച്ചെയാണ് ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.
ഒരുമാസമായി സൈബർ സെല്ലിന്റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ വാഹനമോഷണമടക്കം കേസുകൾ നിലവിലുള്ളതാണ്. ചെറുതുരുത്തി സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണത്തിന് ഷിജാസ് 50 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.
ഇയാൾ എംഎസ്സി ബിരുദധാരിയും നിലവിൽ എഫിലിന് പഠിക്കുന്നയാളുമാണ്. വിവേക് ബിജു ജനസേവാ ശിശുഭവനിൽനിന്നാണ് പഠിച്ചത്. മുളന്തുരുത്തി എസ്എച്ച്ഒ ബി. മഹേഷ് പിള്ള, എസ്ഐ എം.പി. എബി, എഎസ്ഐമാരായ ജിജോമോൻ, ആർ.ജി. ഗിരീഷ്കുമാർ, സീനിയർ സിപിഒ ജോസ് കെ. ഫിലിപ്പ്, സിപിഒമാരായ കെ.കെ. രൂപേഷ്, വി.എൽ. പ്രേംകുമാർ, സൈബർസെൽ എക്സ്പർട്ട് സിപിഒ റിതേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.