പുതുക്കാട് :പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു. രാജ്യത്തെ ടോൾ പ്ലാസകളിൽ സന്പൂർണ ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ദേശീയപാത അഥോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് പാലിയേക്കരയിലും ട്രാക്കുകൾ വർധിപ്പിച്ചത്. നിലവിൽ ഓരോ ട്രാക്കുകൾ വീതമുണ്ടായിരുന്നത് ഇനി ഇരുവശങ്ങളിലുമായി രണ്ട് ട്രാക്കുകൾ വീതമാക്കിയാണ് വർധിപ്പിച്ചത്.
15 മുതൽ 21 വരെ മൂന്ന് ട്രാക്കുകളിലും 22 മുതൽ 28 വരെ നാല് ട്രാക്കുകളിലും ഫാസ്റ്റാഗ് ഏർപ്പെടുത്തും. ഡിസംബർ ഒന്ന് മുതൽ ടോൾ പ്ലാസയിലെ 12 ട്രാക്കുകളും ഫാസ്റ്റാഗ് സംവിധാനത്തിലാകും. പ്രാദേശിക വാഹനങ്ങൾക്ക് നിലവിലുള്ള സൗജന്യയാത്രാപാസിന് ഒരു ട്രാക്ക് പ്രത്യേകമുണ്ടായിരിക്കും.
പാലിയേക്കരയിൽ പ്രതിദിനം 45,000 വാഹനങ്ങൾ ടോൾപ്ലാസ കടന്നു പോകുന്നുണ്ടെന്നാണ് ദേശീയപാത അഥോറിറ്റിയുടെ കണക്ക്. എന്നാൽ ഇതിൽ 6000 വാഹനങ്ങൾ മാത്രമാണ് ഫാസ്റ്റാഗിലേക്ക് മാറിയിട്ടുള്ളത്. പാലിയേക്കരയിൽ ദിവസേന 45 മുതൽ 50 പേർവരെയാണ് ഫാസ്റ്റാഗ് വാങ്ങുന്നത്. ഫാസ്റ്റാഗ് പാസിനായി ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഏഴ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ വാഹനങ്ങൾ അടിയന്തരമായി ഫാസ്റ്റാഗിലേക്ക് മാറണമെന്ന് ദേശീയപാത അഥോറിറ്റി അധികൃതർ അറിയിച്ചു. വാളയാർ, കുന്പളം, പൊന്നാരിമംഗലം ടോൾപ്ലാസ സെന്ററുകൾക്കും ഉത്തരവ് ബാധകമാകും. ഇതു സംബന്ധിച്ച് തിരുവനന്തപുരം റീജ്യണൽ ഓഫീസിൽ നിന്നുള്ള നിർദേശം എൻ.എച്ച്.എ.ഐ. യുടെ കൊച്ചി, പാലക്കാട് പ്രോജക്ട് യൂണിറ്റുകൾക്ക് ലഭിച്ചു.