പൃഥ്വിരാജിന്റെ ആഡംബര കാർ രജിസ്റ്റർ ചെയ്തു. ഒൻപതര ലക്ഷം രൂപകൂടി അടച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. കാർ രജിസ്ട്രർ ചെയ്യുവാൻ സമർപിച്ച അപേക്ഷയിൽ കാറിന്റെ വില കുറച്ച് കാണിച്ചതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് രജിസ്ട്രേഷൻ തടഞ്ഞിരുന്നു. കാറിന്റെ യഥാർഥ വിലയിൽ നിന്നും 30 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്.
ഈ തുക സെലിബ്രിറ്റി ഡിസ്കൗണ്ട് ഇനത്തിൽ കുറച്ചു നൽകിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനം അറിയിച്ചത്. എന്നാൽ ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്ന് നിയമം. അതുകൊണ്ട് ഒൻപതര ലക്ഷം കൂടി നികുതിയായി അടയ്ക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു.