പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി 15നകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ്.
പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കിലോമീറ്റർ), കണമല – ഇലവുങ്കൽ റോഡ്(9.9 കിലോമീറ്റർ), പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ്(7 കിലോമീറ്റർ), ചേത്തോങ്കര-അത്തിക്കയം റോഡ്(7 കിലോമീറ്റർ), മുക്കട- ഇടമണ് – അത്തിക്കയം(7 കിലോമീറ്റർ), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ നവീകരിക്കും.
ചാലക്കയം – പന്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് പൂർത്തിയാക്കും. പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെഎസ്ടിപി പൂർത്തിയാക്കും. റോഡുകളിൽ സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും റിഫ്ളക്ടറുകളും പൊതുമരാമത്ത് നിരത്തു വിഭാഗം സ്ഥാപിക്കും.
900 വിശുദ്ധി സേനാംഗങ്ങൾ
സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിരി വയ്ക്കുന്നതിന് കൂടുതൽ സൗകര്യം ദേവസ്വം ബോർഡ് ഒരുക്കും. അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും.
വിശുദ്ധി സേനാംഗങ്ങൾക്ക് ഇത്തവണ പുതിയ യൂണിഫോം നൽകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്ക്കൽ, പന്പ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുടങ്ങും. റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെ തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് നടപടികൾ പൂർത്തിയായി. പന്പ മുതൽ സന്നിധാനം വരെ 16 എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കും.
ആരോഗ്യവകുപ്പ് 800 പേരെ നിയമിക്കും
ഡോക്ടർമാർ ഉൾപ്പെടെ 800 പേരെ നിലയ്ക്കൽ, സന്നിധാനം, പന്പ എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിക്കും. പോസ്റ്റിംഗ് നടപടികൾ പൂർത്തിയായി. സന്നിധാനത്തും പന്പയിലും പത്തു വീതവും അപ്പാച്ചിമേട്, നീലിമല, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആറു വീതവും ഡോക്ടർമാരെ നിയോഗിക്കും.
സന്നിധാനം, പന്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കാർഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കും. ഇതിനു പുറമേ മറ്റ് എല്ലാ സ്ഥലങ്ങളിലും ഫിസിഷ്യൻമാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം ലഭ്യമാക്കും. ഹോട്ടലുകളിലും കടകളിലും ജോലി ചെയ്യാനെത്തുന്നവർ ഹെൽത്ത് കാർഡ് നിർബന്ധമായും കൊണ്ടു വരണമെന്ന് നിർദേശം നൽകും.
പന്പയിൽ നദിയിലെ അപകട സ്ഥലങ്ങൾ തീർഥാടകർക്ക് തിരിച്ചറിയുന്നതിന് വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കണമെന്ന് ജില്ലാ കളക്ടർ ദേവസ്വം ബോർഡിന് നിർദേശം നൽകി.
പാർക്കിംഗ് സൗകര്യപ്രദമാക്കുന്നതിന് നിലയ്ക്കൽ ആവശ്യമായ സൂചനാ ബോർഡുകൾ വയ്ക്കുന്നതിനും ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി.നിലയ്ക്കൽ 25 ലക്ഷം ലിറ്റർ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് ജലഅഥോറിറ്റി ക്രമീകരണം ഏർപ്പെടുത്തി.
സീതത്തോട്, പന്പ എന്നിവിടങ്ങളിൽ നിന്നും ടാങ്കർ ലോറികളിൽ ഇവിടേക്ക് കുടിവെള്ളം എത്തിക്കും. നിലയ്ക്കൽ പുതുതായി 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകൾ കൂടി സ്ഥാപിക്കും. ജലഅഥോറിറ്റി അറ്റകുറ്റപ്പണികളെല്ലാം ചൊവ്വാഴ്ച പൂർത്തീകരിക്കും. പന്പ – സന്നിധാനം പാതയിൽ 120 ഉം നിലയ്ക്കൽ 130 ഉം കുടിവെള്ള കിയോസ്കുകൾ സ്ഥാപിക്കും.
ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിന് കൂടുതൽ കിയോസ്കുകൾ കരുതിയിട്ടുണ്ട്. ചൂടുവെള്ളവും തണുപ്പു വെള്ളവും ലഭ്യമാക്കുന്ന 12 ഡിസ്പെൻസറുകൾ സ്ഥാപിക്കും. അധികമായി 10 എണ്ണം കരുതിയിട്ടുണ്ട്.
കടവുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ, വേലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും. ഹിൽടോപ്പിനു താഴെ പന്പാ നദീ തീരത്ത് മതിയായ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് കളക്ടർ നിർദേശിച്ചു. കെഎസ്ഇബിയുടെ ക്രമീകരണങ്ങൾ 10നകം പൂർത്തിയാകും. പള്ളം-ത്രിവേണി, മൂഴിയാർ-ത്രിവേണി വൈദ്യുതി വിതരണ ശൃംഖലകൾ പൂർണ സജ്ജമാണ്. ഇവയ്ക്ക് തകരാർ സംഭവിച്ചാൽ എമർജൻസി ലൈറ്റിംഗ് സംവിധാനം പ്രവർത്തിക്കും.
ആദ്യപാദത്തിൽ 2800 പോലീസുകാരെ വിന്യസിക്കും
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആദ്യ പാദത്തിൽ 2800 പോലീസുകാരെ വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ സുരക്ഷയ്ക്കും തീർഥാടകർക്ക് സഹായം നൽകുന്നതിനുമായാണ് പോലീസുകാരെ വിന്യസിക്കുക. കടകൾക്കും ഹോട്ടലുകൾക്കും പിന്നിൽ ഗ്യാസ് സിലിണ്ടറുകൾ കൂട്ടിയിടുന്നത് ഒഴിവാക്കണം. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് പുണ്യം പൂങ്കാവനം പദ്ധതി ഇത്തവണയും വിപുലമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് സേഫ്സോണ്
തീർഥാടന കാലത്ത് വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് സേഫ് സോണ് പദ്ധതി നടപ്പാക്കും. നിലയ്ക്കലും പന്പയിലും തീർഥാടകർക്ക് പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ നൽകുന്ന കിയോസ്ക് കുടുംബശ്രീ തുടങ്ങും.
പത്തനംതിട്ട നഗരസഭ, പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, വടശേരിക്കര ഗ്രാമപഞ്ചായത്ത്, റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്, റാന്നി- അങ്ങാടി ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരസഭ, ആറ·ുള ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, കോന്നി ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി തുടങ്ങിയ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഇടത്താവളം, കടവുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, തിരുവാഭരണപാതയുടെ ശുചീകരണം തുടങ്ങിയവയും യോഗം വിലയിരുത്തി.
തീർഥാടനം തുടങ്ങുന്നതിനു മുൻപായി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് 15ന് യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു.വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ശബരിമല എഡിഎം എൻഎസ്കെ ഉമേഷ്, പത്തനംതിട്ട എഡിഎം അലക്സ് പി തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ. ബീനാ റാണി, തദ്ദേശഭരണസ്ഥാപന അധ്യക്ഷ·ാർ, സെക്രട്ടറിമാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.