സ്വന്തംലേഖകന്‍
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പോലീസ് കസ്റ്റഡിയില്‍ ഇപ്പോൾ “സൗമ്യ’. വിലങ്ങണിയിച്ച് 35 ദിവസംപൂര്ത്തിയാകുമ്പോഴേക്കും കൊലപാതക പരമ്പരയിലെ ആറു പേരേയും കൊലപ്പെടുത്തിയതിന്റെ കഥകളെല്ലാം ജോളി ഒരു മറയുമില്ലാതെവെളിപ്പെടുത്തി.
അറസ്റ്റ് രേഖപ്പെടുത്തുമ്പോഴുള്ള ജോളിയുടെ മാനസികനിലയല്ല ഇപ്പോഴുള്ളത്. സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ആദ്യഘട്ടത്തില്‍ കൊടുംക്രിമനലുകള്‍ പെരുമാറിയതുപോലെ നിഗൂഢത നിറഞ്ഞതായിരുന്നു ജോളിയുടെ വാക്കുകള്‍.
ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലതവണ കള്ളം പറഞ്ഞ് പിടിച്ചു നിന്ന ജോളി തെളിവുകള്‍ നിരത്തിയതോടെ മൗനിയായി മാറുകയായിരുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും മൊഴിയായി നല്കിയ കള്ളങ്ങള്‍ ചീട്ട്കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ജോളിയില്‍ ഒളിഞ്ഞിരുന്ന ക്രിമിനല്‍ ചിന്താഗതിയും മാറിതുടങ്ങി.
മന:ശാസ്ത്രഞ്ജരുടെ കൗണ്‍സിലിംഗും പോലീസുകാരുടെ സമീപനവും മറ്റും ജോളിയുടെ സ്വഭാവത്തെ മാറ്റുകയായിരുന്നു. ഇനിയുള്ള കാലം അഴിക്കുള്ളിലാവുമെന്നുറപ്പിച്ച ജോളി എല്ലാ കുറ്റങ്ങളും താന്‍ ചെയ്തതാണെന്ന് ഒടുവില്‍ സമ്മതിച്ചു തുടങ്ങി. എങ്കിലും ചില നിഗൂഡതകൾ ഇനിയും ഇവർ തുറന്നുപറഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
കൃത്യം നിര്‍വഹിച്ച രീതിയും ഉദ്യേശലക്ഷ്യങ്ങളുമെല്ലാം അവള് ഇതിനകം ഓരോ അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ വിവരിച്ചു. കൃത്യത്തിന് സഹായിച്ചവരേയും മറ്റു സഹായങ്ങള്‍ക്കായി ഒപ്പം നിന്നവരേയും കുറിച്ചെല്ലാം ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി.
ഇനിയും ജോളിയില്‍ മാറ്റങ്ങളുണ്ടാകാനുണ്ടെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടി ചോദിച്ചറിയാന്‍ അവശേഷിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ചോദ്യം ചെയ്തെങ്കിലും അന്വേഷണഉദ്യോഗസ്ഥരോട് പ്രതികരിക്കാത്ത മനോഭാവമായിരുന്നുള്ളത്.
ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടാമെന്നതിന് കൃത്യമായ ഉപദേശം ജോളിക്ക് ലഭിച്ചിരുന്നു. അതിനാല്‍ അതിവിദഗ്ധമായിട്ടായിരുന്നു പോലീസിന്റെ ചോദ്യങ്ങളെ ആദ്യഘട്ടത്തില്‍ നേരിട്ടത്. തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റങ്ങള്‍ തലയാട്ടി സമ്മതിച്ച ജോളി ടോം തോമസിനേയും ഭാര്യ അന്നമ്മയേയും കൊലപ്പെടുത്തിയത് തന്റെ ആദ്യഭര്‍ത്താവും ദന്പതികളുടെ മകനുമായ റോയി തോമസായിരിക്കും എന്നുവരെ പറഞ്ഞിരുന്നു.
റോയ്തോമസിന്റെ പേരില്‍ കൊലപാതകം കുറ്റം ചുമത്തിയ ജോളി അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. എന്നാല്‍ അന്നമ്മയുടെ മരണസമയത്തും ടോംതോമസ് മരിക്കുന്ന സമയത്തുമുള്ള ജോളിയുടെ സാന്നിധ്യത്തെ കുറിച്ച് വിശദമാക്കിയതോടെ തലയാട്ടി കുറ്റം സമ്മതിച്ചു. എങ്കിലും ഏറ്റുപറച്ചിലുണ്ടായില്ല. ടോംതോമസിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരുടെ മൊഴിയും അയല്‍വാസികളെ ജോളി വിളിച്ചിരുന്നതും ചൂണ്ടിക്കാണിച്ചതോടെയാണ് ജോളി കുറ്റംസമ്മതിച്ചത്.
റോയ് തോമസിന്റേത് ആത്മഹത്യയാണെന്നും തുടക്കം മുതലേ ജോളി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ സയനൈഡ് നല്‍കിയിരുന്നതായി മാത്യുവും പ്രജുകുമാറും ജോളിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തി.
മഞ്ചാടിയിൽ മാത്യുവും റോയിയും തമ്മില്‍ വൈരാഗ്യമുണ്ടെന്നും മാത്യുവാണ് റോയിയെ കൊലപ്പെടുത്തിയതെന്നും ജോളി വാദിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും റോയ് കൊല്ലപ്പെടുമ്പോള്‍ മാത്യു സ്ഥലത്തുണ്ടായിരുന്നില്ലെന്നതിന്റെ തെളിവും പോലീസ് നിരത്തിയതോടെ ജോളി മൗനിയായി. സിലിയേയും ആല്‍ഫൈനേയും കൊലപ്പെടുത്തിയിനെ കുറിച്ചുള്ള ചോദ്യത്തിനും ജോളി ആദ്യം നിസഹകരിച്ചെങ്കിലും പിന്നീട് കുറ്റവും ഏറ്റുപറഞ്ഞു.
മറ്റുള്ള കേസുകളിലെല്ലാം ആദ്യം കള്ളംപറഞ്ഞിരുന്ന ജോളി വിമുക്ത ഭടനും റോയ് തോമസിന്റെ മാതൃസഹോദരനുമായ മാത്യു മഞ്ചാടിയിലിന്റെ കേസന്വേഷിക്കുന്ന സംഘത്തോട് ആദ്യഘട്ടത്തില്‍ തന്നെ ജോളി എല്ലാ കുറ്റങ്ങളും സമ്മതിച്ചു. മാത്യുവിനെ കൊലപ്പെടുത്തിയതും കാരണവുമെല്ലാം യാതൊരു മടിയും മറയുമില്ലാതെ ജോളി വെളിപ്പെടുത്തി. കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചവശരാക്കി കുറ്റം സമ്മതിപ്പിച്ചിരുന്ന പഴയ രീതിയില്‍ നിന്ന് പോലീസ് മാറിയതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ജോളിയിലുണ്ടായ മാറ്റമെന്നാണ് ഉന്നതപോലീസുദ്യോഗസ്ഥര്‍ പറയുന്നത്.