സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്യം നിറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. ഇത് ജേർ ഐജലാന. സൗന്ദര്യത്തിന്റെ തന്നെ പേരായി മാറിയിരിക്കുകയാണ് നൈജീരിയയിൽ നിന്നുള്ള ഈ ആറു വയസുകാരി. ജേറിന്റെ വിടർന്ന കണ്ണുകളും ചുരുണ്ട തലമുടിയും കുട്ടിത്തവും ഗൗരവവും ഒരുപോലെ നിറയുന്ന മുഖവുമെല്ലാം കാഴ്ചക്കാരുടെ കണ്ണിൽ സൗന്ദര്യമായി പതിക്കും.
മോഫ് ബാമുവിയ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ജേറിനെ ലോകം കണ്ടത്. “അതേ ഇവൾ മനുഷ്യക്കുട്ടിയാണ്, അതേസമയം ഒരു മാലാഖയും’- ജേറിന്റെ ചിത്രത്തിനു മോഫ് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
“ബാല്യത്തിനും കൗമാരത്തിനുമിടയിലെ അവസ്ഥ പകർത്തുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയാകുന്പോൾ ഈ രണ്ടു കാലഘട്ടങ്ങളും എന്നും കാലത്തിനതീതമായി നിലകൊള്ളും. ഞാൻ അവളെ ചിരിപ്പിക്കാനോ പൊട്ടിച്ചിരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. മറിച്ച് സ്വാഭാവിക നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ചെയ്തത്. ജേർ, നിന്റെ ഇരുപത്തിയൊന്നാം വയസിലും നീ ഇങ്ങനെ തന്നെ ചിത്രങ്ങൾക്ക് പോസ് ചെയ്യണേ…മോഫ് ബാമുവിയ പറയുന്നു.
ജേറിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം അവ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. മാത്രമല്ല, 2018ൽ മോഫ് പകർത്തിയ ചിത്രങ്ങൾ ഇന്നും സമൂഹമാധ്യമങ്ങളിലൂടെ ലോകം കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്കുട്ടി എന്ന വിളിപ്പേര് ജേറിനെത്തേടിയെത്തുന്നത്.
ഇവൾ ഇന്നും നമുക്കേറ്റവും പ്രിയങ്കരിയായ കറുത്ത ബാർബിയായി തുടരുന്നു – ജെറയുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്കൊപ്പം മോഫ് കുറിച്ചു. ദി ജെ ത്രി സിസ്റ്റേഴ്സ് എന്നാണ് ജേറും സഹോദരിമാരായ ജോമിയും (പതിനൊന്ന്) ജോബയും (എട്ട്) അറിയപ്പെടുന്നത്. നന്നേ ചെറുപ്പത്തിലേ മൂന്നു പേരും മോഡലിംഗ് രംഗത്ത് സജീവമാണ്. നല്ല മോഡേണ് വസ്ത്രങ്ങൾ ഇടാൻ സാധിക്കുന്നതും ഫോട്ടോ ഷൂട്ടുകളുമാണ് മോഡലിംഗിലേക്ക് തങ്ങളെ ആകർഷിച്ചത് എന്നാണ് ഈ സഹോദരിമാർ പറയുന്നത്.
ലക്ഷണക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിൽ ജെ ത്രി സഹോദരിമാർക്ക് ആരാധകരായുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി എന്ന പേരു കിട്ടിയതിനേക്കാൾ സന്തോഷം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സ്നേഹമാണെന്ന് ജേർ പറയുന്നു. മോഡലിംഗ് കഴിഞ്ഞാൽ കാർട്ടൂണും പുസ്തകങ്ങളുമാണ് ജേറയുടെ ഇഷ്ടവിനോദങ്ങൾ.