ക്രിസ്റ്റഫർ അദ്ഭുതപ്പെട്ടപോലെ ജീവിതത്തിൽ ആർക്കും സംഭവിച്ചു കാണില്ല, തീർച്ച. തന്റെ വിവാഹത്തിന് പള്ളിയിലെത്തിയ ക്രിസ്റ്റഫർ ശരിക്കും ഞെട്ടി. വീൽചെയറിൽ മാത്രം താൻ കണ്ടിട്ടുള്ള തന്റെ ഭാവി വധു ഇതാ നടന്നു വരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഇമ്മ കിറ്റസണ്.
18-ാമത്തെ വയസിലാണ് ഇമ്മ സൈന്യത്തിൽ ചേർന്നത്. 2003ൽ ഇറാക്കിൽ സേവനത്തിനായി പോകേണ്ടിവന്നു ഇമ്മയ്ക്ക്. അവിടെ വച്ചുണ്ടായ ഒരപകടത്തിൽ ഇമ്മയുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ഇതോടെ 21 വയസിൽ സൈനിക സേവനം അവസാനിപ്പിക്കേണ്ടി വന്നു അവർക്ക്. സാവധാനം ഇമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടായി.
പിന്നെ വീൽ ചെയറിലായി ജീവിതം. പക്ഷെ തന്റെ വിവാഹത്തിന് ഭർത്താവിന്റെ കൈയും പിടിച്ച് നടക്കണമെന്നയിരുന്നു ഇമ്മയുടെ ആഗ്രഹം. നടക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ തന്റെ ഭാവി വരനോടു പോലും ഇമ്മ തന്റെ ആഗ്രഹം പറഞ്ഞിരുന്നില്ല.
പിതാവിന്റെ സഹായത്തോടെ നടക്കാൻ പരിശീലിച്ചശേഷമാണ് ഇമ്മ വിവാഹത്തിന് പള്ളിയിലെത്തിയത്. ക്രിസ്റ്റഫറിന്റെ കൈപിടിച്ച് നടക്കുകയും ചെയ്തു. വേദനസംഹാരികളുടെ സഹായത്തോടെയായിരുന്നു ഇമ്മയുടെ ആഗ്രഹ പൂർത്തീകരണം.