ശ്രീകാര്യം: തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ (സിഇടി ) വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ രതീഷ്കുമാർ (19) നെയാണ് കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .കോളജിലെ സുരക്ഷാ വിഭാഗം ജീവനക്കാർ ശനിയാഴ്ച 11 ന് പതിവ് പരിശോനക്കിടയിൽ ശുചിമുറി അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പിൻവശത്തെ വാതിലിലൂടെ നോക്കിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതുവാൻ രാവിലെ ഒന്പതിന് മാതാവുമായി കോളജിൽ എത്തിയ രതീഷ് പരീക്ഷ അവസാനിക്കാൻ മുക്കാൽ മണിക്കൂർ മുന്പ് ക്ലാസ് വിട്ടുപോയി. പരീക്ഷ കഴിഞ്ഞ് കോളജിൽ നിന്ന മാതാവ് മകനെ അന്വേഷിക്കുകയും കണ്ടെത്താത്തതിനെ തുടർന്ന് ശ്രീകാര്യം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ആർഡിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹ പരിശോധന നടത്തണമെന്ന മാതാവിന്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരം ഇന്നലെ 12ന് തിരുവനന്തപുരം ലാൻഡ് അക്വേസിഷൻ തഹസിൽദാർ ജയജോസ് രാജിന്റെ നേതൃത്വത്തിൽ ശ്രീകാര്യം ഇൻസ്പെക്ടർ അനീഷ് ഡേവിഡ് ,എസ്ഐ ബിജു രാധാകൃഷ്ണൻ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
തുടർന്ന് കോളജ് കാമ്പസിൽ പൊതുദർശനത്തിനു വച്ചശേഷം വൈകുംന്നേരത്തോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു . മരണകാരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനമെന്നും നാൽപ്പത്തിയെട്ടു മണിക്കൂറിൽ കൂടുതൽ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നതായും പോലീസ് പറഞ്ഞു .
ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കയർ കോളജിൽ നിന്നു തന്നെ ശേഖരിച്ചതാകാം എന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നിൽ തന്റെ ഭർത്താവിനെ സംശയമുള്ളതായി വിദ്യാർഥിയുടെ വളർത്തമ്മ ഗിരിജ പോലീസിനോടു പറഞ്ഞു. രതീഷ് ജീവനൊടുക്കിയതിനു പിന്നിൽ ഈ തരത്തിലുള്ള ഭീഷണിയുണ്ടോയെന്ന് അന്വേഷിക്കുമെന്നും ശ്രീകാര്യം എസ്ഐ സജുകുമാർ പറഞ്ഞു .