കോട്ടയം: ദേവലോകം അരമനയുടെ പടിഞ്ഞാറുവശത്തുള്ള കുരിശിൻ തൊട്ടിക്കുനേരേയും തൂത്തുട്ടി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിനുനേരെയും അജ്ഞാതരുടെ ആക്രമണം. ഇരുസ്ഥലങ്ങളിലും കല്ല് ഉപയോഗിച്ച് ചില്ല് ഇടിച്ചു തകർത്ത നിലയിലാണ്. ബൈക്കിൽ എത്തിയവരാണു ദേവലോകം കുരിശിൻ തൊട്ടിയിൽ ആക്രമണം നടത്തിയതെന്നു പറയുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മാതാവിന്റെ ചിത്രത്തിനു കേടുപാടുകളില്ല.
കുരിശിൻ തൊട്ടിയുടെ മുന്നിലെ ചില്ല് ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിനു ഉപയോഗിച്ചതെന്നു കരുതുന്ന കല്ല് സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇന്നലെ രാത്രി 11.30നാണ് സംഭവം. കുരിശിൻതൊട്ടിയുടെ ഭാഗത്തുനിന്നും ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ചില്ല് പൊട്ടിയ വിവരം ആദ്യം അറിയുന്നത്. ഇതേസമയം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
ഈസ്റ്റ് പോലീസ്, കണ്ട്രോൾ റൂം പോലീസ് സ്ഥലത്തെത്തി. രണ്ടു പേരാണു ബൈക്കിൽ ഉണ്ടായിരുന്നതെന്നും ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു. അക്രമികൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുരിശിൻ തൊട്ടിയുടെ സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. അമയന്നൂർ കാരാട്ടുകുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ് തൂത്തുട്ടി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ. ചാപ്പലിന്റെ ഗ്ലാസ് ഡോർ, ഫോട്ടോ എന്നിവ നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണു സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.