ആലപ്പുഴ: വികസനത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കായംകുളം കൂട്ടുംവാതുക്കൽക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ പ്രളയം സാരമായി ബാധിച്ച കുട്ടനാട് അടക്കമുള്ള മേഖലകളിൽ പാലങ്ങളും റോഡുകളും മികവാർന്ന നിലവാരത്തോടെയാണ് നിർമിക്കുന്നത്.
അഴിമതി രഹിതമായ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 40 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. യോഗത്തിൽ യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കായംകുളം നഗരസഭാധ്യക്ഷൻ എൻ. ശിവദാസൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി. രഞ്ജിത്ത്, ഇ. ശ്രീദേവി, എസ്. അജിത, ബ്ലോക്ക് പഞ്ചായത്തംഗം ഷൈമോൾ നന്ദകുമാർ, കോലത്ത് ബാബു, കണ്ടല്ലൂർ സുധീർ, എം.എ. അലിയാർ, എൻ. സുകുമാരപിള്ള, കെ.എച്. ബാബുരാജൻ, എൻ. ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.